ഐപിഎല്‍ താരലേലത്തില്‍ മലയാളി താരം സഞ്ജു വി സാംസണ് പൊന്നും വില

single-img
27 January 2018

ബംഗളൂരു: ഐപിഎല്‍ പതിനൊന്നാം സീസണിലെ താരലേലത്തില്‍ മലയാളി താരം സഞ്ജു വി. സാംസണെ പൊന്നും വിലയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. എട്ട് കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. സഞ്ജുവിനായി മുംബൈ ഇന്ത്യന്‍സും രംഗത്തെത്തിയിരുന്നു. ഒരു കോടി രൂപയായിരുന്നു സഞ്ജുവിന്റെ അടിസ്ഥാന വില.

മറ്റൊരു മലയാളിതാരം കരുണ്‍ നായരെ കിങ്‌സ് ഇലവന്‍ പഞ്ചാബ് 5. 60 കോടിക്കാണ് സ്വന്തമാക്കിയത്. ലോകേഷ് രാഹുലിനെയും പഞ്ചാബ് തന്നെ സ്വന്തമാക്കി, തുക 11 കോടി. ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സാണ് ഇതുവരെയുള്ളതിലെ ‘ചെലവേറിയ’ താരം.

സ്റ്റോക്‌സിനെ 12.5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. യാതൊരു പിശുക്കും കൂടാതെ പണമെറിഞ്ഞ കിങ്‌സ് ഇലവന്‍ പഞ്ചാബ് ആര്‍.അശ്വിന്‍ 7.6 കോടി, കരുണ്‍ നായര്‍ 5.6 കോടി, ഡേവിഡ് മില്ലര്‍ 3 കോടി, ആരോണ്‍ ഫിഞ്ച് 6.2 കോടി, മാര്‍ക്കസ് സ്റ്റോയ്‌നിസ് 6.2 കോടി എന്നിവരെയും സ്വന്തം പാളയത്തിലെത്തിച്ചു.

മുരളി വിജയിയെ ആരും വിളിച്ചില്ല. കഴിഞ്ഞ സീസണില്‍ 12കോടിക്ക് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്ങിന് ഇത്തവണ ലേലത്തില്‍ ലഭിച്ചത് അടിസ്ഥാനവിലയായ രണ്ടു കോടി മാത്രം. താരത്തെ നിലനിര്‍ത്താനുള്ള അവസരം ഉണ്ടായിരുന്നിട്ടും സണ്‍റൈസേഴ്‌സ് അത് ഉപയോഗിച്ചില്ല.

കിങ്‌സ് ഇലവന്‍ പഞ്ചാബാണ് രണ്ടുകോടിക്ക് യുവരാജ് സിങ്ങിനെ ടീമിലെടുത്തത്. അശ്വിനെ കൈവിട്ട ചെന്നൈ ഹര്‍ഭജന്‍ സിങ്ങിനെ അടിസ്ഥാന വിലയായ രണ്ടു കോടിക്ക് സ്വന്തമാക്കി. ഗൗതം ഗംഭീറിനെ 2.80കോടിക്ക് ഡയര്‍ ഡെവിള്‍സ് നേടി. റൈറ്റ് റ്റു മാച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉപയോഗിച്ചില്ലെന്നത് ശ്രദ്ധേയമാണ്.

ഐപിഎല്‍ താരലേലത്തില്‍ ശിഖര്‍ ധവാനെ സണ്‍റൈസേഴ്‌സും ആര്‍.അശ്വിനെ കിങ്‌സ് ഇലവനും സ്വന്തമാക്കി. 5.2 കോടി രൂപയ്ക്കാണ് ധവാന്‍ സണ്‍റൈസേഴ്‌സിലെത്തിയത്. റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിച്ചാണ് ധവാനെ സണ്‍റൈസേഴ്‌സ് നിലനിര്‍ത്തിയത്. 7.6 കോടിക്കാണ് അശ്വിനെ പഞ്ചാബ് വിളിച്ചെടുത്തത്. പൊള്ളാര്‍ഡിനെ റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിച്ച് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. 17 മാര്‍ക്വീ താരങ്ങളില്‍ ക്രിസ് ഗെയിലിനെയും ജോ റൂട്ടിനെയും ആരും വിളിച്ചില്ല.