പാസ്‌പോര്‍ട്ടിലെ വേര്‍തിരിവ്: കേന്ദ്രമന്ത്രി കണ്ണന്താനത്തിന് ഇന്ത്യന്‍ മീഡിയ അബുദാബി നിവേദനം നല്‍കി

single-img
26 January 2018


ന്യൂഡല്‍ഹി: ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്ന വിധത്തില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യന്‍ മീഡിയ അബുദാബി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് നിവേദനം നല്‍കി.

പാസ്‌പോര്‍ട്ട് രണ്ടുനിറത്തിലാക്കി മാറ്റുന്നതിലൂടെ വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നവരെ സമൂഹത്തിനിടയില്‍
വേര്‍തിരിക്കുന്ന അവസ്ഥയാണ് ഉണ്ടാവുക. വിദ്യാഭ്യാസ യോഗ്യത കുറവുള്ള ആയിരക്കണക്കിനുപേര്‍ തങ്ങളുടെ കഠിനപ്രയത്‌നത്തിലൂടെയും മറ്റു കഴിവുകളിലൂടെയും മെച്ചപ്പെട്ട ജോലി ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.

വിദ്യാഭ്യാസപരമായി പിന്നില്‍ നില്‍ക്കുന്നവരെ മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്തുന്ന വിധത്തില്‍ പാസ്സ്‌പോര്‍ട്ട് നിറം മാറുന്നതോടെ ഇത്തരക്കാരായ ആയിരക്കണക്കിന് പേര്‍ക്ക് തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും.

പതിറ്റാണ്ടുകള്‍നീണ്ട പ്രവാസ ജീവിതം നയിച്ചിട്ടും ഇനിയും പ്രാരാബ്ധം തീര്‍ന്നിട്ടില്ലാത്ത പ്രവാസികള്‍ക്ക് പുതിയതീരുമാനം വന്‍തിരിച്ചടിയായി മാറുമെന്നതില്‍ സംശയമില്ലെന്നും നിവേദനത്തില്‍ പറയുന്നു.

ഇക്കാര്യത്തില്‍ വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി കഴിയാവുന്ന തരത്തില്‍ പരിശ്രമങ്ങള്‍ നടത്തുമെന്നു ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നിവേദക സംഘത്തിന് ഉറപ്പു നല്‍കി.

പ്രസിഡന്റ് റസാഖ് ഒരുമനയൂരിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ മീഡിയ അബുദാബി ജനറല്‍ സെക്രട്ടറി സമീര്‍ കല്ലറ, ട്രഷറര്‍ റാഷിദ് പൂമാടം, വൈസ് പ്രസിഡന്റ് ടി.പി.ഗംഗാധരന്‍, അനില്‍ സി. ഇടിക്കുള, മുനീര്‍ പാണ്ട്യാല, ടി.പി. അനൂപ്, ഷിന്‍സ് സെബാസ്റ്റ്യന്‍ എന്നിവര്‍ക്കൊപ്പം രാജ്യസഭാംഗം പി.വി.അബ്ദുല്‍ വഹാബും സന്നിഹിതനായിരുന്നു.