‘കുവൈത്തില്‍ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല’

single-img
26 January 2018

ഇന്ത്യക്കാര്‍ക്ക് കുവൈത്തില്‍ തൊഴില്‍ നഷ്ടമാകുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ ജറള്ള. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ആഗോളതലത്തിലുണ്ടായ സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി എല്ലാ രാജ്യങ്ങളും നേരിട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായി എല്ലാ മേഖലയിലും കൂടുതല്‍ സഹകരണം ഉറപ്പുവരുത്തും. ഈ വര്‍ഷം ഇന്ത്യക്കാര്‍ക്ക് ആശങ്കപ്പെടാന്‍ ഒന്നുമില്ല. കുവൈത്തിന്റെ വികസനത്തിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും പങ്കാളിത്തമുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ സേവനങ്ങള്‍ രാജ്യത്തിന് അനിവാര്യമാണ്.

ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷയും തൊഴില്‍ ഉറപ്പും സംരക്ഷിക്കപ്പെടേണ്ടത് കുവൈത്തിന്റെ ബാധ്യതയാണെന്നു അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കുവൈത്തില്‍ ഇന്ത്യന്‍ സ്ഥാനപതി കെ. ജീവസാഗര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

ഒന്നര വര്‍ഷമായി ശമ്പളമില്ലാതെയും നാട്ടില്‍ പോകാന്‍ കഴിയാതെയും കുവൈത്തില്‍ കുടുങ്ങിയ ഖറാഫി നാഷണല്‍ കമ്പനിയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹാരിക്കുമെന്നും വിദേശകാര്യ സഹമന്ത്രി പറഞ്ഞു.