യു.എ.ഇയിലെ കലാ വേദികളിലെ സജീവ സാന്നിധ്യമായ നൈസിയെ പരിചയപ്പെടാം

single-img
25 January 2018

അബുദാബിയിലെ കലാ വേദികളിലെ സജീവ സാന്നിധ്യമായ ഒരുകലാകാരിയാണ് നൈസി. പാട്ടും സംഗീതവുമാണ് താമരശ്ശേരി സ്വദേശിനി നൈസിക്ക് എല്ലാം. വിദ്യാര്‍ഥി കാലഘട്ടത്തില്‍ ജീവിത മാര്‍ഗം നല്‍കിയതും ജീവിത പങ്കാളിയെ നല്‍കിയതുമെല്ലാം സംഗീതമാണ്.

നാലാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ സംഗീത സപര്യ നൈസി ഇപ്പോഴും തുടരുകയാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളം ഗാനമേളകളില്‍ പാടിയും പൂനെ, ബംഗളൂരു, ഊട്ടി, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പരിപാടികള്‍ അവതരിപ്പിച്ചും പാട്ടിന്റെ മേഖലയില്‍ സജീവമായ നൈസി ഇന്ന് യു.എ.ഇയിലെ അറിയപ്പെടുന്ന ഗായികയാണ്.

എസ്.പി. ബാലസുബ്രഹ്മണ്യം, ജയചന്ദ്രന്‍, ഉണ്ണിമേനോന്‍, അഫ്‌സല്‍, ബിജു നാരായണന്‍, മധു ബാലകൃഷ്ണന്‍, കെ .എസ്. ചിത്ര എന്നിവര്‍ക്കൊപ്പമെല്ലാം യു.എ.ഇയിലെ വേദികളില്‍ പാടിയിട്ടുള്ള നൈസി കോഴിക്കോട് പെരുവണ്ണാമുഴിയില്‍ താമസിക്കുമ്പോഴാണ് സംഗീതത്തിന്റെ വഴിയിലേക്ക് കടന്നുവരുന്നത്.

പള്ളി വികാരിയായിരുന്ന ഫാ. ജോണ്‍ കളരിപ്പറമ്പിലാണ് സംഗീത വാസന മനസ്സിലാക്കിയതും പ്രോത്സാഹിപ്പിച്ചതും. സ്‌കൂളിലെ വേദികളിലും പള്ളിയിലെ ക്വയറുകളുമായിരുന്നു ആദ്യ സംഗീത പാഠശാലകള്‍. സ്‌കൂളിലെ അധ്യാപകരുടെയും പള്ളി അധികൃതരുടെയും പിന്തുണയോടെയാണ് ഔപചാരിക സംഗീത വിദ്യാഭ്യാസം ആരംഭിക്കുന്നത്.

പത്താം ക്‌ളാസ് പൂര്‍ത്തിയാക്കിയതിന് ശേഷം ചെമ്പൈ സംഗീത കോളജില്‍ നാല് വര്‍ഷത്തെ സംഗീത ഭൂഷണം കോഴ്‌സിന് ചേരുകയായിരുന്നു. സേവില്‍ ഒപ്പമുണ്ടായിരുന്ന ഉപകരണ സംഗീതം ഒരുക്കുന്നവരുടെ സഹായമാണ് മറ്റ് ട്രൂപ്പുകളിലേക്കും വഴി തുറന്നത്.

തൃശൂര്‍ ചോയ്‌സ്, തൃശൂര്‍ സിംഫണി, പുല്‍പള്ളി സങ്കീര്‍ത്തനം, കോഴിക്കോട് വി.എം. കുട്ടി മാഷിന്റെ ട്രൂപ്പ് എന്നിവയിലെല്ലാം അവസരം ലഭിച്ചതോടെ വേദികളില്‍ തിരക്കുള്ള ഗായികയായി മാറി. സംഗീത പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളുടെയും മാപ്പിളപ്പാട്ടുകളുടെയും ആല്‍ബങ്ങളിലും പാടാന്‍ സാധിച്ചു.

പാട്ടുമായി ജീവിതം കണ്ടെത്തി മുന്നോട്ടുപോകുന്നതിനിടെ ലഭിച്ച യു.എ.ഇ യാത്രയാണ് നൈസിയുടെ ജീവിതം മാറ്റിമറിച്ചത്. പാട്ടില്‍ ജീവിതം കണ്ടത്തെിയ ഈ പെണ്‍കുട്ടിയുടെ ഹൃദയത്തിലേക്ക് പാട്ടിനെ ജീവന് തുല്യം സ്‌നേഹിക്കുന്ന നാട്ടിക സ്വദേശി എം.എ. ഷമീര്‍ കടന്നുവരുന്നത് 12 വര്‍ഷം മുമ്പാണ്.

അന്ന് മുതല്‍ നൈസിയുടെ പാട്ടിന്റെ താങ്ങും തണലും ഷമീറാണ്. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും ഖത്തറിലും സലാലയിലുമെല്ലാം പാട്ടിന് അവസരമുണ്ടാക്കാന്‍ മുന്നിട്ടുനിന്നതും ഷമീര്‍ തന്നെ. ഇതിനിടെ അക്കു അക്ബര്‍ സംവിധാനം ചെയ്ത് ശ്യാം ധര്‍മന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഭാര്യ അത്ര പോര എന്ന ചിത്രത്തില്‍ ചിന്നുംവെണ്‍താരത്തില്‍ എന്ന പാട്ട് കബീറിനൊപ്പം ആലപിക്കാനും സാധിച്ചു.

ചിത്രത്തിന്റെ നിര്‍മാതാവും ഷമീറിന്റെ സുഹൃത്തുമായ സലാഹുദ്ദീന്‍ മുഖേനയാണ് ഈ അവസരം കൈവന്നത്. നിരവധി കുട്ടികള്‍കും ഇപ്പോള്‍ സംഗീതം പഠിപ്പിക്കുന്നുണ്ട് ഈ പ്രവാസി ഗായിക. ഭര്‍ത്താവിനും ഏക മകന്‍ ആവാസിനുമൊപ്പം അബൂദബിയില്‍ താമസിക്കുന്ന നൈസിക്ക് പാട്ടിന്റെ വഴിയില്‍ ഇനിയും മുന്നോട്ടുപോകണമെന്നാണ് ആഗ്രഹം. മികച്ച വേദികളും, സിനിമ അവസരങ്ങളും തന്നെ തേടിയത്തെുമെന്ന പ്രതീക്ഷയിലാണ് ഈ കലാകാരി.