പ്രവാസികള്‍ക്ക് ജോലി മാറാനും സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; നിയമം ഫെബ്രുവരിയില്‍
യുഎഇയില്‍ ജോലി മാറാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം ഫെബ്രുവരി നാലിന് പ്രാബല്യത്തില്‍ വരും. ദുബായ്, അബുദാബി പൊലീസ് സ്റ്റേഷനുകളിലാണ് സ്വഭാവ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടത്. പേരും എമിറേറ്റ്സ് ഐഡി നമ്പറും നല്കി ഓണ്‍ലൈനിലോ സ്മാര്‍ട് ആപ്ലിക്കേഷന്‍ വഴിയോ അപേക്ഷിക്കാം.
വിദേശികള്‍ക്ക് 220 ദിര്‍ഹമും സ്വദേശികള്‍ക്ക് 120 ദിര്‍ഹമുമാണ് ഫീസ്. രാജ്യത്തിന് പുറത്തുള്ളവര്‍ 320 ദിര്‍ഹം നല്‍കണം. രണ്ടു മുതല്‍ ഏഴു ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ദീര്‍ഘകാലം യുഎഇയില്‍ താമസിക്കുന്ന വ്യക്തി പുതിയ തൊഴില്‍ വീസയ്ക്ക് അപേക്ഷിക്കുകയാണെങ്കില്‍ സ്വാഭവ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
കാലാവധി കഴിഞ്ഞ തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ ആ വിവരം കൈമാറിയാലും മതി. വിദേശത്തുള്ളവര്‍ ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി വിരലടയാളം പകര്‍ത്തി ഏറ്റവും അടുത്തുള്ള യുഎഇ എംബസിക്ക് കൈമാറണമെന്നും നിബന്ധനയുണ്ട്. വിവരങ്ങള്‍ക്ക് 901 നമ്പറിലോ [email protected] വെബ്സൈറ്റ് വഴിയോ ബന്ധപ്പെടണം.
പുതിയ വീസ അപേക്ഷയോടൊപ്പം സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് കഴിഞ്ഞ ദിവസമാണ് അധികൃതര്‍ വ്യക്തമാക്കിയത്. ഫെബ്രുവരി നാലു മുതല്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് തൊഴില്‍ വീസ ലഭിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. പുതുതായി യുഎഇയില്‍ ജോലി തേടുന്നവര്‍ സ്വന്തം രാജ്യത്തുനിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റാണ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്.