നേട്ടങ്ങളുടെ നെറുകെയില്‍ ദുബായ് പോലീസ്

single-img
16 January 2018

ദുബായില്‍ കുറ്റകൃത്യങ്ങളില്‍ വന്‍ തോതില്‍ കുറവ് വന്നതായി ദുബായ് പോലീസ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു കുറ്റകൃത്യങ്ങളില്‍ പതിനഞ്ച് ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറി പറഞ്ഞു.

എണ്‍പത്തി ആറ് ശതമാനം ക്രിമിനല്‍ കേസുകളും കഴിഞ്ഞ വര്‍ഷം തെളിയിച്ചു എന്നും അധികൃതര്‍ വ്യക്തമാക്കി. ദുബായിലെ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ വലിയ തോതില്‍ വിജയം കാണാന്‍ കഴിഞ്ഞു എന്നാണ് ദുബായ് പോലീസ് വ്യക്തമാക്കുന്നത്.

ദുബായിയെ സുരക്ഷിത നഗരമാക്കി മാറ്റുന്നതിനാണു പോലീസ് ലക്ഷ്യമിടുന്നത് എന്ന് അധികൃതര്‍ പറഞ്ഞു. ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി കഴിഞ്ഞ ഏപ്രിലില്‍ ദുബായ് പോലീസ് ഡാറ്റ ആനാലിസ് സെന്റര്‍ സ്ഥാപിച്ചിരുന്നു.

കുറ്റകൃത്യങ്ങളെ കുറിച്ച് വ്യക്തമായി പഠിക്കുന്നതിനും, സസൂഷ്മം അന്വേഷണം നടത്തുന്നതിനും ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി പത്തൊന്‍പതു സ്മാര്‍ട്ട് പ്രോഗ്രാമുകള്‍ നടത്തുകയും ചെയ്തു. ഇത് കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിന് വലിയ തോതില്‍ സഹായാകമായി.

കഴിഞ്ഞ വര്‍ഷം ആയിരത്തി എഴുനൂറ്റി നാല്പത്തി രണ്ട് ലഹരിമരുന്ന് വേട്ടയാണ് ആന്റി നാര്‍ക്കോട്ടിക് വിഭാഗം നടത്തിയത്. രണ്ടായിരത്തി പതിനാറില്‍ ഇത് ആയിരത്തി അറുനൂറ്റി ഏഴായിരുന്നു. മുന്നൂറ്റി നാല്‍പത്തി മൂന്നു കിലോ ലഹരി മരുന്നും പിടികൂടി.

ലഹരി മരുന്ന് കേസുകളില്‍ കഴിഞ്ഞ വര്‍ഷം രണ്ടായിരത്തി അഞ്ഞൂറ്റി മുപ്പത്തി മൂന്നു പേരെയാണ് അറസ്റ്റ്‌ ചെയ്തത്. കുറ്റകൃത്യങ്ങളുടെ അന്വേഷണങ്ങള്‍ പഠിക്കാനും, അക്രമികളെ നേരിടാനും ഉള്ള കായിക അഭ്യാസം നേരിടുന്നതിനുമായി നിരവധി ഉദ്യോകസ്ഥരെ വിദേശ രാജ്യങ്ങളിലേക്ക് പരിശീലനത്തിനായി അയച്ചതായും അധികൃതര്‍ അറിയിച്ചു.

നിരന്തരമായ ബോധവത്കരണ പരിപാടികളിലൂടെ എമിറേറ്റിലെ റോഡ് അപകട മരണ നിരക്ക് ഇരുപത്തി അഞ്ച് ദശാംശം ഏഴ് ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു.