സൗരവ് ഗാംഗുലിക്ക് മറുപടിയുമായി വിരാട് കോഹ്‌ലി: ‘പുറത്തു നിന്നുള്ള അഭിപ്രായം എടുക്കുന്നില്ല’

single-img
13 January 2018

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ അജിങ്ക്യ രഹാനയെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെത്തുടര്‍ന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയടക്കമുള്ളവര്‍ ഉന്നയിച്ച വിമര്‍ശനത്തിന് മറുപടിയുമായി ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലി രംഗത്ത്. പുറത്തു നിന്നുള്ള നിര്‍ദേശത്തിനും അഭിപ്രായത്തിനുമനുസരിച്ച് ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കാനാകില്ലെന്ന് സെഞ്ചൂറിയനില്‍ രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ കോലി പറഞ്ഞു.

‘ഇത് വളരെ തമാശയായാണ് തോന്നുന്നത്. ആദ്യ ടെസ്റ്റിന് മുമ്പ് രഹാനയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തരുതെന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. ആദ്യ ടെസ്റ്റ് കഴിഞ്ഞതോടെ അഭിപ്രായം മാറി. രഹാനയെ ഉള്‍പ്പെടുത്തണമെന്നാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്.

ഇങ്ങനെ പുറത്തുനിന്നുള്ള അഭിപ്രായത്തിനനുസരിച്ച് ടീമിനെ തിരഞ്ഞെടുക്കാനാകില്ല’കോലി വ്യക്തമാക്കി. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ രഹാനെ കളിക്കുമോയെന്ന ചോദ്യത്തിന് കോലി വ്യക്തമായ ഉത്തരം നല്‍കിയില്ല. രഹാനെ കളിക്കുമോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നായിരുന്നു കോലി അതിന് നല്‍കിയ മറുപടി.

ടീം ഘടനയ്ക്ക് അനുയോജ്യരായ താരങ്ങളെയാണ് അവസാന ഇലവനില്‍ ഉള്‍പ്പെടുത്തുന്നത്. ടീമിനെ നിര്‍ണയിക്കുന്നത് ടീമിനുള്ളില്‍ വെച്ച് തീരുമാനിച്ചുകൊള്ളാം. അതിന് ഡ്രസ്സിങ് റൂമിന്റെ പുറത്തു നിന്നുള്ള സഹായം ആവശ്യമില്ലെന്നും കോലി വ്യക്തമാക്കി.