നിതാഖാത്തില്‍ ഇളവുമായി സൗദി: ആനുകൂല്യം 107 തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക്

single-img
10 January 2018

സ്വദേശിവത്കരണ പദ്ധതിയായ നിതാഖാത്തില്‍ ഇളവു നല്‍കുമെന്ന് സൗദി അറേബ്യന്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം. അറുപത് വയസ്സ് കഴിഞ്ഞ വിദേശി വിദഗ്ധര്‍ക്കാണ് ഇളവു നല്‍കുന്നത്. ഫിസിഷ്യന്‍, സൈക്യാട്രിസ്റ്റ്, ഇ.എന്‍.ടി. കണ്‍സള്‍ട്ടന്റ്, സര്‍ജന്‍, ഡെന്റിസ്റ്റ്, പീഡിയാട്രീഷ്യന്‍, ഓര്‍ത്തോ സ്‌പെഷ്യലിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ്, വെറ്ററിനറി ഡോക്ടര്‍, ഗൈനക്കോളജിസ്റ്റ്, പ്രൊഫസര്‍, ലക്ചറര്‍, ഇന്‍വെസ്റ്റര്‍ തുടങ്ങി 107 തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഇളവ് അനുവദിക്കുകയെന്ന് മന്ത്രി അലി അല്‍ ഗഫീസ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

അറുപത് കഴിഞ്ഞ ഒരു വിദേശ തൊഴിലാളിയെ നിതാഖാത്തില്‍ രണ്ട് തൊഴിലാളികളായാണ് പരിഗണിക്കുന്നത്. അറുപത് വയസ്സ് കഴിഞ്ഞ വിദേശികളെ പിരിച്ചുവിടാന്‍ പ്രേരിപ്പിക്കുന്നതിനാണ് നിതാഖാത്ത് പ്രകാരം അവരെ രണ്ട് തൊഴിലാളികളായി പരിഗണിക്കുന്നത്.

ഇത്തരക്കാരെ നിലനിര്‍ത്തുന്ന സ്ഥാപനങ്ങള്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കാന്‍ നിര്‍ബന്ധിതരാകും. എന്നാല്‍, വൈദഗ്ധ്യം ആവശ്യമുളള മേഖലകളില്‍ ഈ വ്യവസ്ഥ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇളവ് അനുവദിക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചത്.