ഒരോവറിലെ ആറു പന്തും സിക്‌സ്: രവീന്ദ്ര ജഡേജയും റെക്കോഡിട്ടു

single-img
16 December 2017

ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറിലെ ആറു പന്തും തുടര്‍ച്ചയായി സിക്‌സിനു പറത്തിയ യുജരാജ് സിംഗിന്റെ ബാറ്റിംഗ് പ്രകടനം ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കാനിടയില്ല. മുന്‍പ് രവിശാസ്ത്രി മാത്രമായിരുന്നു ഈ നേട്ടം കൈവരിച്ചിരുന്നത്. പിന്നീട് മറ്റൊരു താരത്തിനും ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ തനിക്കും ആ റെക്കോഡ് സ്വന്തമാക്കാന്‍ കഴിയും എന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ഇന്റര്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ അംറേലിക്കെതിരെയാണ് ജാംനഗര്‍ താരമായ ജഡേജ സിക്‌സറുകള്‍ പറത്തിയത്.

10ാം ഓവറില്‍ ക്രീസിലെത്തിയ ജഡേജ, 15ാം ഓവറില്‍ ഓഫ് സ്പിന്നര്‍ നിലാം വംജയെ നിലംതൊടാതെ പറത്തി. ഓവറിലെ ആറും പന്തും സിക്‌സറിനു പായിച്ച ജഡേജ, മത്സരത്തില്‍ 69 പന്തില്‍നിന്ന് 154 റണ്‍സ് അടിച്ചെടുത്തു. പത്തു സിക്‌സറുകളും 15 ബൗണ്ടറികളും ജഡേജ അക്കൗണ്ടില്‍ കുറിച്ചു.

ജഡേജയുടെ പ്രകടനത്തിന്റെ മികവില്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ജാംനഗര്‍ 239 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ അംറേലിക്ക് വെറും 118 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.

ജില്ലാതല മല്‍സരത്തിലാണെങ്കിലും, അടുത്ത കാലത്തായി പരിമിത ഓവര്‍ ക്രിക്കറ്റ് മല്‍സരങ്ങളില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടാന്‍ വിഷമിക്കുന്ന ജഡേജയ്ക്ക് ഈ ഇന്നിങ്‌സ് ആത്മവിശ്വാസം പകരുമെന്ന് തീര്‍ച്ച. കുല്‍ദീപ് യാദവിനെയും യുസ്‌വേന്ദ്ര ചാഹലിനെയും പോലുള്ള യുവതാരങ്ങള്‍ ടീമിലെത്തുകയും അവര്‍ അവസരം മുതലെടുക്കുകയും ചെയ്തതോടെ അടുത്ത കാലത്തായി ജഡേജയ്ക്കും അശ്വിനും ടെസ്റ്റ് ടീമില്‍ മാത്രമാണ് സ്ഥാനം. ഇപ്പോള്‍ നടക്കുന്ന ഇന്ത്യ–ശ്രീലങ്ക ഏകദിന, ട്വന്റി20 മല്‍സരങ്ങളിലും ഇരുവരും ടീമിലില്ല.