ഒമാനില്‍ വീടിന് തീപിടിച്ച് എട്ട് സ്ത്രീകള്‍ മരിച്ചു

single-img
29 November 2017

മസ്‌കത്ത്: മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബര്‍ക്കയില്‍ വീടിന് തീപിടിച്ച് സ്വദേശി യുവതിയും അഞ്ച് പെണ്‍മക്കളും ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു. യുവതിയുടെ സഹോദരിയും വീട്ടുജോലിക്കാരിയുമാണ് മരിച്ച മറ്റുള്ളവര്‍. യുവതിയുടെ ഭര്‍ത്താവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബര്‍ക്കയിലെ അല്‍ സലാം മേഖലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് ദാരുണമായ അപകടമുണ്ടായത്. 35കാരിയായ യുവതിയും 28 കാരിയായ സഹോദരിയും ഏഴിനും 15നുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുമാണ് മരണപ്പെട്ടത്. വീട്ടുജോലിക്കാരി ആഫ്രിക്കന്‍ വംശജയാണ്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. പുക ശ്വസിച്ചതാണ് മരണകാരണം.

പുലര്‍ച്ചെ നാലരയോടെയാണ് ആര്‍.ഒ.പിക്ക് തീപിടിത്തത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. ഏഴു മിനിറ്റിനകം സിവില്‍ ഡിഫന്‍സും ആംബുലന്‍സ് വിഭാഗവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വീടിന്റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. തുടര്‍ന്ന് കനത്ത പുക മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ശ്വാസംമുട്ടി മരിച്ച നിലയില്‍ വീടിന്റെ ഒന്നാം നിലയില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

സാമാന്യം നല്ല പരിക്കുള്ള യുവതിയുടെ ഭര്‍ത്താവിനെ ബര്‍ക്കയിലെ ഹെല്‍ത്ത് കെയര്‍ സെന്ററിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഒമാനില്‍ ഇതുവരെ ഉണ്ടായിട്ടുള്ള വലിയ അഗ്‌നിബാധാ അപകടങ്ങളില്‍ ഒന്നാണ് ഇത്. പുലര്‍ച്ചെയായതിനാല്‍ അപകടവിവരം അറിയാന്‍ വൈകിയത് മരണസംഖ്യ ഉയരാന്‍ വഴിയൊരുക്കിയെന്നാണ് വിലയിരുത്തല്‍. മബേലയില്‍ താമസ കേന്ദ്രത്തില്‍ തിങ്കളാഴ്ച രാത്രി തീപിടിച്ചിരുന്നു. ഇവിടെ ആര്‍ക്കും അപകടമില്ലാതെ തീയണക്കുകയും കുടുങ്ങിക്കിടന്നവരെ രക്ഷിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാസങ്ങളില്‍ നിരവധി സ്ഥലങ്ങളില്‍ വീടുകളിലും താമസ കേന്ദ്രങ്ങളിലും അഗ്‌നിബാധ സംഭവിച്ചിരുന്നു. ഒക്‌ടോബര്‍ ആദ്യത്തില്‍ സഹമിലുണ്ടായ തീപിടിത്തത്തില്‍ സ്വദേശി ബാലന്‍ മരിച്ചിരുന്നു. സെപ്റ്റംബര്‍ അവസാനം അസൈബയില്‍ വിദേശിയും മേയ് 22ന് മബേലയിലുണ്ടായ തീപിടിത്തത്തില്‍ സ്വദേശി ബാലനും വീട്ടുജോലിക്കാരിയും മരിച്ചിരുന്നു. ഇബ്രിയിലും ബര്‍ക്കയിലുമടക്കം ഉണ്ടായ ഒന്നിലധികം തീപിടിത്തങ്ങളില്‍ വീടിനുള്ളില്‍ കുടുങ്ങിയവരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമുള്ള അഗ്‌നിബാധകളുടെ സാഹചര്യം ഒഴിവാക്കാന്‍ ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ സുരക്ഷയടക്കമുള്ളവയില്‍ കരുതല്‍ വേണമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.