ആ തകര്‍പ്പന്‍ സെഞ്ചുറി ബിസിസിഐയുടെ കണ്ണ് തുറപ്പിച്ചു: ഡ്രസ്സിങ്ങ് റൂമില്‍ ബാറ്റ് തല്ലിയൊടിച്ചെന്ന പേരുദോഷവും മാറ്റി; സഞ്ജു വി സാംസണ്‍ ഏകദിന ടീമിലേക്ക്?

single-img
21 November 2017

ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവിന് ഒരുങ്ങി മലയാളി താരം സഞ്ജു വി സാംസണ്‍. രഞ്ജിയില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ സെഞ്ചുറി നേടിയ താരം ഒമ്പത് ഇന്നിംഗ്‌സുകളില്‍ നിന്നും 561 റണ്‍സാണ് ഇതുവരെയായി വാരിക്കൂട്ടിയിട്ടുള്ളത്.

ഇതിനിടെ ശ്രീലങ്കക്കെതിരെ ബോര്‍ഡ് പ്രസിഡന്റ് ഇലവന്റെ നായകനായി പാഡണിഞ്ഞ സഞ്ജു ആ മത്സരത്തിലും ശതകം നേടി. സൗരാഷ്ട്രക്കെതിരെ രണ്ടാം ഇന്നിംഗ്‌സിലെ സെഞ്ച്വറി തുടര്‍ച്ചയായ മൂന്നാം മത്സരത്തിലെ ശതകമായിരുന്നു.

69.86 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റ് നിലനിര്‍ത്തിയാണ് സീസണിലെ മികച്ച മൂന്നു റണ്‍വേട്ടക്കാരിലൊരാളായി സഞ്ജു സ്ഥാനം കണ്ടെത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ സഞ്ജു ശ്രീലങ്കക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകള്‍ക്കുള്ള ടീമില്‍ ഇടംപിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി നായകന്‍ വിരാട് കൊഹ്‌ലി ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കും എന്നാണ് സൂചന. അങ്ങനെയെങ്കില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും സഞ്ജു ടീമില്‍ ഉണ്ടാകും.

ഡല്‍ഹിയുടെ യുവതാരം റിഷഭ് പന്തിന്റെ മിന്നും പ്രകടനമാണ് സഞ്ജുവിന്റെ സാധ്യതകളെ മുമ്പ് ഇല്ലാതാക്കിയത്. വിക്കറ്റ് കീപ്പറെന്ന നിലയിലും ബാറ്റ്‌സ്മാന്‍ എന്ന നിലയിലും കഴിഞ്ഞ സീസണില്‍ തിളങ്ങിയ പന്ത് ഇത്തവണ അല്‍പ്പം നിറം മങ്ങിയത് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള സഞ്ജുവിന്റെ സ്വപ്നങ്ങള്‍ക്ക് നിറമേകുന്ന ഘടകമാണ്.

ഐപിഎല്‍ കഴിഞ്ഞ സീസണില്‍ തീര്‍ത്തും നിറം മങ്ങിയ സഞ്ജു മുന്‍ കേരള പരിശീലകനായിരുന്ന ജയകുമാറുമൊത്ത് ചെന്നൈയില്‍ കഠിന പരിശ്രമത്തിലായിരുന്നു. ഇതാണ് സഞ്ജുവിന്റെ മികച്ച പ്രകടനത്തിന് മുതല്‍ക്കൂട്ടായത്.