ക്രിക്കറ്റിനെ താന്‍ വഞ്ചിക്കില്ലെന്നു ധോണി: മാധ്യമങ്ങള്‍ക്ക് ചില മുന്‍ ധാരണകളുണ്ട്: ഐപിഎല്‍ ഒത്തുകളി ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ നായകന്‍

single-img
31 October 2017

ഐപിഎല്ലില്‍ ഒത്തുകളി നടത്തിയെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി രംഗത്ത്. രാജ്ദീപ് സര്‍ദേശായിയുടെ ഡെമോക്രസി ഇലവന്‍ എന്ന പുസ്തകത്തിലാണ് മഹി കോഴ വിവാദത്തെക്കുറിച്ച് മനസ് തുറന്നത്.

തനിക്കെല്ലാം തന്ന ക്രിക്കറ്റിനെ താന്‍ വഞ്ചിക്കില്ലെന്നും തീയില്ലാതെ പുകയുണ്ടാകില്ലെന്ന മാധ്യമങ്ങളുടെ വാദം ശുദ്ധ വങ്കത്തരമാണെന്നും മഹേന്ദ്ര സിങ് ധോണി പറയുന്നു. ഇതുകൊണ്ടുതന്നെയാണ് മാധ്യമങ്ങളോട് സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കാത്തതെന്നും ഡെമോക്രസി ഇലവനില്‍ ധോണി പറയുന്നു.

ബിസിസിഐ മുന്‍ അധ്യക്ഷന്‍ എന്‍ ശ്രീനിവാസനുമായുള്ള ബന്ധത്തെയും ധോണി ന്യായീകരിക്കുന്നുണ്ട്. ആളുകള്‍ എന്ത് പറയുന്നു എന്നത് എന്റെ വിഷയമല്ല, ക്രിക്കറ്റിനെ സഹായിക്കാന്‍ എപ്പോഴും മുന്‍ പന്തിയിലുണ്ടായിരുന്ന വ്യക്തിയായാണ് ശ്രീനിവാസനെ ഞാന്‍ കാണുന്നതെന്ന് ധോണി പറയുന്നു,

ശ്രീനിവാസന്റെ മരുമകനായ ഗുരുനാഥ് മെയ്യപ്പന്‍ ഒരു ക്രിക്കറ്റ് ആരാധകനാണെന്ന് താന്‍ പറഞ്ഞതായുള്ള അവകാശവാദങ്ങളെയും ധോണി തള്ളുന്നു. മെയ്യപ്പന്‍ ഒരു ക്രിക്കറ്റ് ഇന്തൂസിയാസ്റ്റ് മാത്രമാണെന്ന് ഞാന്‍ മൊഴി നല്‍കിയെന്നത് പച്ചക്കള്ളമാണ്.

ടീം കളത്തിലെടുക്കുന്ന തീരുമാനങ്ങളില്‍ മെയ്യപ്പന് ഒരു പങ്കുമില്ലെന്ന് മാത്രമാണ് ഞാന്‍ പറഞ്ഞിരുന്നത്. ഇന്തൂസിയാസ്റ്റ് എന്ന് നേരാംവണ്ണം പറയാന്‍ പോലും എനിക്ക് കഴിയില്ലെന്നും ഡെമോക്രസി ഇലവനില്‍ ധോണി പറയുന്നു.