കുവൈത്ത് മന്ത്രിസഭ രാജിവച്ചു
കുവൈത്ത് മന്ത്രിസഭ രാജിവച്ചു. രാജകുടുംബാംഗവും ക്യാബിനറ്റ് കാര്യമന്ത്രിയുമായ ഷേഖ് മുഹമ്മദ് അല്‍ അബ്ദുള്ള അല്‍ സബയ്ക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്കിയ സാഹചര്യത്തിലാണ് മന്ത്രിസഭ രാജിവച്ചത്. 16 അംഗ മന്ത്രിസഭയുടെ രാജി പ്രധാനമന്ത്രി ജാബിര്‍ അല്‍ മുബാറക്ക് അല്‍ ഹമദ് അല്‍ സബാ കുവൈത്ത് അമീര്‍ ഷേഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബയ്ക്ക് സമര്‍പ്പിച്ചു.
മന്ത്രിസഭയുടെ രാജി സ്വീകരിച്ച അമീര്‍ അടുത്ത മന്ത്രിസഭ രൂപവത്കരിക്കുന്നതുവരെ അധികാരത്തില്‍ തുടരാന്‍ ആവശ്യപ്പെട്ടു.
രാജകുടുംബത്തിനെതിരെ അവിശ്വാസം പാസാക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പതിവുപോലെ, സമാനമായ സാഹചര്യങ്ങളില്‍ മന്ത്രിസഭ രാജിവയ്ക്കുന്ന കീഴ് വഴക്കത്തിന് പ്രേരിപ്പിച്ചത്.
പത്ത് എം പിമാര്‍ ചേര്‍ന്നാണ് മന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ ക്രമക്കേട് ആരോപിച്ച് അവിശ്വാസ പ്രമേയത്തിന് നോട്ടീസും കുറ്റവിചാരണ നോട്ടീസും നല്‍കിയത്. എന്നാല്‍ പാര്‍ലമെന്റ് പിരിച്ചു വിടാന്‍ സാധ്യതയില്ലെന്നു സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം അറിയിച്ചു. നാളെ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്നതല്ലെന്നും സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം അറിയിച്ചു.