ഖത്തറില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രതൈ?: പുതിയ നിയമം പ്രാബല്യത്തില്‍

single-img
10 October 2017

ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കി ഖത്തര്‍. ഇതിന്റെ ഭാഗമായി ജംഗ്ഷന്‍ സിഗ്‌നലുകളിലെ മഞ്ഞക്കോളങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയാല്‍ 500 റിയാല്‍ പിഴ അടക്കേണ്ടിവരുമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി. കൂടാതെ മൂന്ന് പോയിന്റുകള്‍ പിഴയായി രേഖപ്പെടുത്തുകയും ചെയ്യും.

ജംഗ്ഷന്‍ സിഗ്‌നലുകളിലെ മഞ്ഞ കോളങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇവിടെ വാഹനങ്ങള്‍ നിര്‍ത്തുന്നത് വിലക്കിയത്.

സിഗ്‌നലുകളില്‍ നിന്ന് വാഹനം അപ്പുറം കടക്കുമെന്ന് ഉറപ്പ് വരുത്തി മാത്രമേ എടുക്കാവൂവെന്ന് ഖത്തര്‍ ട്രാഫിക് വിഭാഗം കണ്‍ട്രോള്‍ റൂം ഓഫീസര്‍ അഹ്മദ് അലി അല്‍കുവാരി പറഞ്ഞു.

തിരക്ക് കൂടുതലുള്ള സമയങ്ങളില്‍ സിഗ്‌നലുകളില്‍ വാഹനങ്ങള്‍ മുന്നോട്ടുനീങ്ങാതെ നില്‍ക്കുന്നത് സമയനഷ്ടത്തിനും ഇടയാക്കുന്നുണ്ട്. ഇതൊഴിവാക്കാന്‍ വാഹനം ഓടിക്കുന്നവര്‍ സിഗ്‌നല്‍ കടക്കാന്‍ കഴിയുമെന്ന് ഉറപ്പ് വരുത്തി മാത്രമേ വാഹനം മുന്നോട്ട് എടുക്കാവൂവെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.