സൗദിയില്‍ സുരക്ഷ ശക്തമാക്കി: തിരക്കേറിയ സ്ഥലങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തില്‍

single-img
8 October 2017

സൗദി രാജകൊട്ടാരത്തിനു നേരെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സുരക്ഷ ശക്തമാക്കി. പ്രധാന പള്ളികള്‍, വാണിജ്യകേന്ദ്രങ്ങള്‍, മാളുകള്‍, തുടങ്ങിയ സ്ഥലങ്ങള്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ്. മരുഭൂമിയിലെ എണ്ണ ഖനന കേന്ദ്രങ്ങളില്‍ പ്രത്യേക പട്രോളിംഗ് ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു.

അതിനിടെ ഭീകരാക്രമണത്തെ പറ്റി അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രാലയം പ്രത്യേക അന്വേഷണ സംഘത്തിന് രൂപം കൊടുത്തു. രാജകൊട്ടാരത്തിനു മുന്നിലേക്ക് കാറിലെത്തിയ സൗദി പൗരനായ മന്‍സൂര്‍ ബിന്‍ ഹസ്സന്‍ അല്‍ അമീരി എന്ന 28കാരനായ യുവാവാണ് ആക്രമണം നടത്തിയത്.

ഇയാളെ സംഭവസ്ഥലത്തുവച്ചു തന്നെ സുരക്ഷാസേന വെടിവെച്ച് കൊന്നിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ഐസിസിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീളുന്നത്.