സൗദിയിൽ അൽ സലാം കൊട്ടാരത്തിന് സമീപമുണ്ടായ വെടിവയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു

single-img
8 October 2017

സൗദിയിലെ ജിദ്ദയിൽ അൽ സലാം കൊട്ടാരത്തിന് സമീപമുണ്ടായ വെടിവയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. അക്രമിയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കു പരിക്കേറ്റു.

കലാഷ്‌നിക്കോവ് റൈഫിള്‍ ഉപയോഗിച്ചായിരുന്നു അക്രമി വെടിയുതിര്‍ത്തത്. എച്ച്.എഫ്.സി 6081 എന്ന നമ്പര്‍ പ്‌ളേറ്റിലുള്ള കാറിലെത്തിയ സൗദി പൗരനായ മന്‍സൂര്‍ ബിന്‍ ഹസ്സന്‍ അല്‍ അമീരി എന്ന 28 കാരനായ യുവാവാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞതായി ആഭ്യന്തര മന്ത്രാലയ വക്താവ് മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു.

അല്‍സലാം കൊട്ടാരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പരിശോധന ചെക്ക്‌പോസ്റ്റിലായിരുന്നു അക്രമി കാറിലെത്തിയത്. വാഹനത്തില്‍ നിന്നിറങ്ങി സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ ഇയാള്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം 3.15 ഓടെയാണ് സംഭവമുണ്ടായത്. എന്നാല്‍ രാത്രി വൈകിയാണ് ആഭ്യന്തരമന്ത്രാലയം ഇതുസംബന്ധമായ ഔദ്യോഗിക വിവരം പുറത്തുവിട്ടത്.

സംഭവസ്ഥലത്ത് വച്ച് തന്നെ അക്രമിയേയും സുരക്ഷാ ഗാര്‍ഡുകള്‍ വെടിവെച്ചു വീഴ്ത്തി. വെടിയുതിര്‍ത്ത ആക്രമിയുടെ കാറില്‍നിന്നും കലാഷ്‌നിക്കോവ് തോക്കും മുന്ന് കൈബോംബുകളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

വേനൽക്കാലത്ത് രാജകുടുംബം ഒൗദ്യോഗിക ബിസിനസുകൾ നടത്തുന്നത് അൽ സലാം കൊട്ടാരത്തിലാണ്.