ഒമാന്‍ എയര്‍വേയ്‌സ് നെടുമ്പാശ്ശേരിയില്‍ ഇറക്കി; പൈലറ്റിന്റെ ജോലിസമയം കഴിഞ്ഞതിനാല്‍ കരിപ്പൂരിലേക്ക് എത്തിക്കാനാവില്ലെന്ന് അധികൃതര്‍; പ്രതിഷേധിച്ച യാത്രക്കാരെ ഭീഷണിപ്പെടുത്തി പുറത്തിറക്കി

single-img
7 October 2017

നെടുമ്പാശേരി: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട ഒമാന്‍ എയര്‍വേയ്‌സ് വിമാനം നെടുമ്പാശ്ശേരിയില്‍ ഇറക്കി. യാത്രാസൗകര്യം ഒരുക്കാതിരുന്നതില്‍ പ്രതിഷേധിച്ച് വിമാനത്തില്‍ നിന്നിറങ്ങാതെ യാത്രക്കാര്‍ പ്രതിഷേധിച്ചു.

ഇന്ന് രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് കരിപ്പൂരിലിറങ്ങേണ്ട ഒമാന്‍ എയര്‍വേയ്‌സ് വിമാനം നെടുമ്പാശേരിയില്‍ ഇറക്കിയത്.

120 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. നെടുമ്പാശേരിയിലിറക്കിയ യാത്രക്കാരോട് പിന്നീടാണ് വിമാനം കരിപ്പൂരിലേക്ക് പോകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയത്. പൈലറ്റിന്റെ ജോലിസമയം കഴിഞ്ഞതിനാല്‍ വിമാനം കരിപ്പൂരിലേക്ക് എത്തിക്കാനാവില്ലെന്നായിരുന്നു എയര്‍വേയ്‌സ് അധികൃതരുടെ നിലപാട്.

എന്നാല്‍ പകരം നെടുമ്പാശേരിയില്‍ നിന്നും കരിപ്പൂരിലേക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്താനും അധികൃതര്‍ തയ്യാറായില്ലെന്ന് യാത്രക്കാര്‍ പറയുന്നു. ഇതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ വിമാനത്തില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കിയില്ല.

നാലര മണിക്കൂറോളം 120 യാത്രക്കാര്‍ വിമാനത്തില്‍ തന്നെ കുത്തിയിരുന്നു പ്രതിഷേധിച്ചു. യാത്രക്കാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഒമാന്‍ എയര്‍വേയ്‌സ് അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് എത്രയും പെട്ടെന്ന് വിമാനത്തില്‍ നിന്നിറങ്ങാന്‍ യാത്രക്കാരോട് ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്നാണ് 120 യാത്രക്കാരും വിമാനത്തിനുള്ളില്‍ നിന്ന് പുറത്തിറങ്ങിയത്. എന്നാല്‍ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയില്ലെങ്കില്‍ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും, നാലര മണിക്കൂറോളം വെള്ളമോ ഭക്ഷണമോ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു.