വിസ്മയ കാഴ്ചകളൊരുക്കി ബുര്‍ജ് ഖലീഫ അറ്റ് ദ ടോപ്പിന്റെ പുതിയ കവാടം തുറന്നു

single-img
6 October 2017

ദുബൈ: വിസ്മയ കാഴ്ചകളൊരുക്കാന്‍ ദുബൈ നഗരം എന്നും മുന്നിലാണ്. ഇപ്പോള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ബുര്‍ജ് ഖലീഫയുടെ ചുവട്ടിലും സുന്ദര കാഴ്ചകളൊരുക്കിയിരിക്കുകയാണ് ദുബൈ. ദുബായിലെത്തുന്ന സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രമായ ‘അറ്റ് ദി ടോപ് ബുര്‍ജ്ഖലീഫ’ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതല്‍ ആകര്‍ഷണങ്ങളും സംവിധാനങ്ങളുമായാണ് മുഖം മിനുക്കിയിരിക്കുന്നത്.

പുതിയ ലോബിയില്‍ പ്രവേശിക്കുന്നവര്‍ക്ക് മേഘങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുകയാണെന്നു തോന്നും. ഇവിടെ നിന്നാല്‍ 828 മീറ്റര്‍ നീളമുള്ള ഒറിജിനല്‍ ബുര്‍ജ്ഖലീഫയുടെ പ്രകാശം പരത്തുന്ന നാലുമീറ്റര്‍ നീളമുള്ള പുതിയ കുഞ്ഞന്‍ മാതൃക തലയുയര്‍ത്തി നില്‍ക്കുന്നത് കാണാം. ചലിക്കുന്ന ചിത്രങ്ങളുള്ള ഒരു ചുമരാണ് പുതുതായി കൂട്ടിച്ചേര്‍ത്തിരിക്കുന്ന മറ്റൊരു ആകര്‍ഷണം.

സംവദിക്കാനാകുന്ന ഡിജിറ്റല്‍ സ്‌ക്രീനുകള്‍ ഉള്‍പ്പെടെ കാഴ്ചയുടെ പൂരമാണു സന്ദര്‍ശകരെ സ്വീകരണ മേഖലയില്‍ കാത്തിരിക്കുന്നത്. നഗരത്തിന്റെ ആരംഭവും വളര്‍ച്ചയും ഭാവിയുമെല്ലാം വിവരിക്കുന്ന ഡിജിറ്റല്‍ സ്‌ക്രീനുകള്‍, നാല് ഡിജിറ്റല്‍ പ്രൊജക്ഷനുകളുമായി നാലു മീറ്റര്‍ ഉയരത്തില്‍ ബുര്‍ജ് ഖലീഫയുടെ മാതൃക തുടങ്ങിയവയും ഇവിടെയുണ്ട്. നേരത്തേയുണ്ടായിരുന്ന സ്വീകരണ മേഖലയുടെ വിസ്തൃതി മൂന്നിരട്ടിയായി വര്‍ധിപ്പിച്ചു.

ലിഫ്റ്റിനു മുന്‍പുള്ള ഇടനാഴിയിലെ ഗ്ലാസ് ഭിത്തികളില്‍ ഇനി കാണാനിരിക്കുന്ന ആകാശക്കാഴ്ചയുടെ മുന്‍ചിത്രംപോലെ മേഘങ്ങള്‍ നിറയുന്നതാണ് ആദ്യ കാഴ്ച. കൂടാതെ, ഭിത്തിയില്‍ത്തന്നെ സ്ഥാപിച്ചിരിക്കുന്ന വീഡിയോ വാളില്‍, സന്ദര്‍ശകരെ ഓരോരുത്തരെയും സെന്‍സറുകള്‍ വഴി തിരിച്ചറിഞ്ഞ് അവരുടെ മുന്നോട്ടുള്ള നടത്തം അനുസരിച്ചു കലാരൂപങ്ങളും തെളിയും. സമുദ്രജലത്തിന്റെയും മരുഭൂമിയിലെ പാറകളുടെയും മൊസെയ്ക് ചിത്രങ്ങളുടെയും കലാപരമായ ആവിഷ്‌കാരം മുന്നോട്ടുള്ള യാത്രയില്‍ വീഡിയോ വാളില്‍ അകമ്പടിയാകും.

ബുര്‍ജ് ഖലീഫയുടെ മാതൃകയാണു മറ്റൊരു ആകര്‍ഷണം. മേഘങ്ങള്‍, ജലം, മണ്ണ്, ഗ്ലാസ് എന്നിങ്ങനെ നാലു പ്രമേയങ്ങളിലായി ബുര്‍ജ് മാതൃകയില്‍ രൂപങ്ങള്‍ തെളിയും. ബുര്‍ജ് ഖലീഫ മാതൃക സ്ഥാപിച്ചിരിക്കുന്നതു മാന്ത്രിക ഗ്ലാസിലാണ്. സന്ദര്‍ശകരുടെ ചലനങ്ങള്‍ക്കനുസരിച്ച് ഈ ഗ്ലാസിലും മാറ്റം വരും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സന്ദേശം ഇതിനിടെ സന്ദര്‍ശകരെ തേടിയെത്തും.

തുടര്‍ന്ന് ദുബൈയുടെ ചരിത്രം വിവരിക്കുന്ന ഓഡിയോവീഡിയോ ചിത്രീകരണവും കാണാം. നഗരത്തിന്റെ ചരിത്രവും നേട്ടങ്ങളും ദൃശ്യങ്ങളില്‍ തെളിയും. ആധുനിക സാങ്കേതികതയും കലയും സമ്മേളിക്കുന്ന നിരവധി കാഴ്ചകളുമായാണ് ബുര്‍ജ് സന്ദര്‍ശകരെ കാത്തിരിക്കുന്നതെന്നും സന്ദര്‍ശകര്‍ക്കു പുതിയൊരു അനുഭവമാകുമിതെന്നും ഇമാര്‍ പ്രോപ്പര്‍ട്ടീസ് ഗ്രൂപ്പ് ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഹമ്മദ് അല്‍ ഫലസി പറഞ്ഞു.

വെര്‍ട്ടിക്കല്‍ സിറ്റി എന്ന് അറിയപ്പെടുന്ന ബുര്‍ജ് ഖലീഫയുടെ 124, 125, 148 നിലകളുടെ സന്ദര്‍ശനമാണ് അറ്റ് ദ് ടോപ്ബുര്‍ജ് ഖലീഫ സ്‌കൈ വഴി ഒരുങ്ങുന്നത്. 828 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് ഖലീഫയില്‍ 555 മീറ്റര്‍ ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഒബ്‌സര്‍വേഷന്‍ ഡെക്കാണ് സന്ദര്‍ശകരെ ഏറ്റവും ആകര്‍ഷിക്കുന്നത്. ഏറ്റവും കൂടുതല്‍ ഉയരത്തിലുള്ള ഒബ്‌സര്‍വേഷന്‍ ഡെക്ക് എന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ അറ്റ് ദ് ടോപ് ബുര്‍ജ് ഖലീഫ സ്‌കൈയുടെ സന്ദര്‍ശനത്തിന് 500 ദിര്‍ഹവും 124ആാം നിലയിലുള്ള അറ്റ് ദ് ടോപ് ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കാന്‍ 125 ദിര്‍ഹവുമാണ് ടിക്കറ്റ് ചാര്‍ജ്.