അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് നാളെ തുടക്കം: ഇന്ത്യ നാളെ അമേരിക്കയ്‌ക്കെതിരെ

single-img
5 October 2017

കൊച്ചി: രാജ്യം കാത്തിരിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരത്തിന് ഒരു ദിവസം മാത്രം. നാളെ വൈകീട്ട് അഞ്ച് മണിക്കാണ് കിക്കോഫ്. നാളെ വൈകിട്ട് അഞ്ചിന് ന്യൂസിലന്‍ഡ് തുര്‍ക്കിയെയും കൊളംബിയ ഘാനയെയും നേരിടുന്നതോടെയാണ് ടൂര്‍ണമെന്റിനു തുടക്കമാകുക.

നാളെയാണ് ആതിഥേയരായ ഇന്ത്യയുടെയും ആദ്യ മത്സരം. രാത്രി എട്ടിന് ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ യു.എസ്.എയാണ് എതിരാളികള്‍. അതേസമയത്തു തന്നെ പരാഗ്വെ മാലിയെയും നേരിടും. ഏറെ പ്രതീക്ഷകളോടെയാണ് അമര്‍ജിത് സിങ് കിയാങ്ങിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ മത്സരത്തിനിറങ്ങുന്നത്.

കൊച്ചിയിലെ ആദ്യ മത്സരം മറ്റന്നാളാണ്. ഈ ലോകകപ്പിന്റെ ഏറ്റവും സൂപ്പര്‍ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട കളിയില്‍ വൈകിട്ട് അഞ്ചിന് ബ്രസീലും സ്‌പെയിനും കൊമ്പുകോര്‍ക്കും. രാത്രി എട്ടിന് നോര്‍ത്ത് കൊറിയ അരങ്ങേറ്റക്കാരായ നൈജറുമായി കളിക്കും.

29,000 കാണികള്‍ക്ക് മാത്രമാണ് കൊച്ചിയില്‍ മത്സരം കാണാന്‍ ആവുക. സുരക്ഷാ പ്രശ്‌നങ്ങള്‍ മുനിര്‍ത്തിയാണ് കാണികളുടെ പ്രവേശനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

ഇന്ത്യയടക്കം 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ടൂര്‍ണമെന്റിന് പ്രത്യേക ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടാകില്ല. അണ്ടര്‍ 17 ലോകകപ്പിന് സാധാരണ ഉദ്ഘാടന പരിപാടികള്‍ നടത്താറില്ലെന്ന് ടൂര്‍ണമെന്റ് ജയറക്ടര്‍ സാവിയെര്‍ സെപ്പി പറഞ്ഞു.

ഒക്ടോബര്‍ 28 ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ഫൈനല്‍ മല്‍സരത്തിലും തുടര്‍ന്നുള്ള സമ്മാനദാന ചടങ്ങുകളിലും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ സംബന്ധിക്കുമെന്ന് സെപ്പി അറിയിച്ചു.

ഇന്ത്യക്കിത് ഒരു വലിയ ടൂര്‍ണമെന്റ് നടത്തിപ്പ് മാത്രമല്ല, ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചക്കുള്ള ചവിട്ട് പടിയാണ്. ഫുട്‌ബോളിലെ ഉറങ്ങിക്കിടക്കുന്ന സിംഹം എന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യക്ക് പുതിയ താരങ്ങളെ വാര്‍ത്തെടുക്കാനും ഈ ടൂര്‍ണമെന്റ് കൊണ്ട് സാധിക്കും.