യു.എ.ഇയില്‍ അടുത്തമാസം ഇന്ധനവില വര്‍ധിക്കും

single-img
29 September 2017

ദുബൈ: അടുത്ത മാസം മുതല്‍ യു.എ.ഇയില്‍ ഇന്ധനവില വര്‍ധിപ്പിക്കാന്‍ ഊര്‍ജ മന്ത്രാലയം തീരുമാനിച്ചു. സെപ്റ്റംബറിലും നിരക്കില്‍ വര്‍ധന ഏര്‍പ്പെടുത്തിയിരുന്നു. ലിറ്ററിന് 2.01 ദിര്‍ഹമായിരുന്ന സൂപ്പര്‍ പെട്രോള്‍ വില 2.12 ദിര്‍ഹമാകും. 2.01 ദിര്‍ഹമാണ് സ്‌പെഷല്‍ 95 പെട്രോളിന്റെ പുതിയ വില. നിലവില്‍ ഇത് 1.90 ദിര്‍ഹമാണ്.

ഇ പ്ലസ് 91 ന് 1.83 ആയിരുന്നത് 1.94 ദിര്‍ഹമായി. ഡീസല്‍ വില രണ്ട് ദിര്‍ഹത്തില്‍ നിന്ന് 2.10 ദിര്‍ഹമായി. കഴിഞ്ഞമാസം ഇത് രണ്ട് ദിര്‍ഹമായിരുന്നു. രണ്ട് വര്‍ഷത്തിനിടെയുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയുമായി ബന്ധിപ്പിച്ചാണ് നിരക്ക് പരിഷ്‌ക്കരിച്ചിരിക്കുന്നത്.

ഉല്‍പാദനം കുറച്ച് വിപണിയില്‍ വില മെച്ചപ്പെടുത്താനുള്ള ഒപെക് ഇതര രാജ്യങ്ങളുടെ തീരുമാനം ആഗോള തലത്തില്‍ എണ്ണനിരക്ക് കൂടാന്‍ വഴിയൊരുക്കിയെന്നാണ് വിലയിരുത്തല്‍. വിപണിയുടെ അവസ്ഥ നോക്കി ഉല്‍പാദനം സംബന്ധിച്ച് അന്തിമ തീര്‍പ്പില്‍ എത്താനാണ് പോയവാരം വിയന്നയില്‍ ചേര്‍ന്ന ഒപെക് നേതൃയോഗം തീരുമാനിച്ചത്.