ഹാര്‍ട്ട് അറ്റാക്ക് മൂലം ഇന്ത്യയില്‍ ഓരോ 33 സെക്കന്റിലും ഒരാള്‍ മരിക്കുന്നു: മുന്നറിയിപ്പ് നല്‍കി കൊണ്ട് ഇന്ന് ലോക ഹൃദയദിനം

single-img
29 September 2017

ഇന്ന് ലോക ഹൃദയ ദിനം. ഹൃദയം മനുഷ്യ ശരീരത്തിലെ വെറുമൊരു അവയവം മാത്രമല്ല; മറിച്ച് മനുഷ്യ ശരീരത്തിലെ ഒരു കേന്ദ്രസ്ഥാനം കൂടിയാണ്. തീര്‍ത്തും മാംസ പേശികളാല്‍ നിര്‍മ്മിതമായ ഒരു അവയവമാണ് ഹൃദയം. ഓരോരുത്തരുടേയും ഹൃദയത്തിന് അവരവരുടെ മുഷ്ടിയോളം വലിപ്പമുണ്ടാകും.

ഏകദേശം 250ഗ്രാം മുതല്‍ 300ഗ്രാം വരെ തൂക്കവുമുണ്ടാകും. നെഞ്ചിന്റെ മദ്ധ്യഭാഗത്തുനിന്നും അല്പം ഇടത്തേക്ക് മാറിയാണ് ഹൃദയം സ്ഥിതി ചെയ്യുന്നത്. മുന്‍വശത്ത് നെഞ്ചെല്ല്, വാരിയെല്ല് എന്നിവയാലും പിറകില്‍ നട്ടെല്ല് വാരിയെല്ല് എന്നിവയാലും കൊണ്ടുള്ള ഒരു പ്രത്യേക അറയാല്‍ അത് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഏറ്റവും ഭദ്രമായി പ്രകൃത്യാ സൂക്ഷിക്കപ്പെട്ടിരിക്കുന്ന രണ്ട് അവയവങ്ങളില്‍ ഒന്നാണ് ഹൃദയം.

വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ ഹൃദയ സുരക്ഷയ്ക്കായുള്ള ബോധവത്കരണവും മുന്നറിയിപ്പും നല്‍കി കൊണ്ടാണ് സെപ്തംബര്‍ 29ന് ലോക ഹൃദയ ദിനം ആചരിച്ച് വരുന്നത്. ഹൃദയസുരക്ഷയ്ക്ക് കരുത്തും കരുതലും പങ്ക് വെക്കുക(ഷെയര്‍ യുവര്‍ പവര്‍) എന്നതാണ് ഈവര്‍ഷത്തെ ഹൃദയദിന സന്ദേശം.

ഹൃദയ സുരക്ഷയ്ക്കായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാമെന്നും അത് മറ്റുള്ളവര്‍ക്ക് എങ്ങനെ പങ്ക് വെക്കാമെന്നും ഈ ദിനം ജനങ്ങളോട് പറയുന്നു. ഹാര്‍ട്ട് അറ്റാക്ക് മൂലം ഇന്ത്യയില്‍ ഓരോ 33 സെക്കന്റിലും ഒരാള്‍ മരിക്കുന്നുവെന്നാണ് കണക്ക്. ഗ്രാമവാസികളേക്കാള്‍ മൂന്നിരട്ടിയാണ് നഗരവാസികളിലെ ഹൃദ്രോഗ സാധ്യത. കേരളത്തില്‍ ഗ്രാമീണരില്‍ പോലും ഹൃദ്രോഗ സാധ്യത കൂടി വരുന്നുവെന്നാണ് പറയപ്പെടുന്നത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നതിന് കാരണമാകുന്ന രോഗങ്ങളിലൊന്നാണ് ഹൃദയാഘാതം. ലോകത്ത് ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജനിതകമായി, മറ്റു രാജ്യങ്ങളിലുള്ളവരേക്കാള്‍ ഇന്ത്യക്കാര്‍ക്ക് ഹൃദയാഘാതമുണ്ടാകാന്‍ മൂന്നിരട്ടി സാധ്യതയുണ്ട്.

ഹൃദ്രോഗത്തിന് പ്രധാന കാരണമായി ആരോഗ്യ വിദഗ്ധരും ഡോക്ടര്‍മാരും ചൂണ്ടിക്കാട്ടുന്നത് ജീവിത ശൈലിയിലെ പ്രശ്‌നം തന്നെയാണ്. പ്രായം, അമിതവണ്ണം, ഉയര്‍ന്ന രക്ത സമ്മര്‍ദം, അമിതമായ കൊളസ്‌ട്രോള്‍ അളവുകള്‍, പുകവലി, പ്രമേഹം, സമ്മര്‍ദം എന്നിവയും ഹൃദയാഘാതത്തിന് കാരണമാവാറുണ്ട്.

ഒരു കാലത്ത് 40 വയസ്സിന് മുകളില്‍ പ്രായമുള്ളവരിലാണ് ഹൃദയാഘാതം കണ്ട് വന്നിരുന്നതെങ്കില്‍ ഇന്നത് പതിനെട്ട് വയസ്സിന് താഴെയുള്ളവരില്‍ പോലും കണ്ട് വരുന്നു. നാല്‍പത് വയസ്സിനോടടുപ്പിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനം, രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ്, എന്നിവ പരിശോധിക്കേണ്ടതാണ്.

പുകവലി പൂര്‍ണമായി വര്‍ജിച്ച് കൊണ്ട് ഹൃദയത്തെ സ്‌നേഹിക്കണമെന്നാണ് ഈ ഹൃദയ ദിനത്തിലെ മറ്റൊരു സന്ദേശം. ചെറുപ്പക്കാരില്‍ ഹൃദയാഘാതമുണ്ടാകാനുള്ള പ്രധാന കാരണവും പുകവലി തന്നെ. പുകവലിക്ക് ഇന്ത്യക്ക് ഏഴാം സ്ഥാനമാണുള്ളത്. ചൈനയാണ് ഒന്നാം സ്ഥാനത്ത്. 2025 ആകുന്നതോടെ ലോകത്ത് പുകവലിക്കുന്നവരുടെ എണ്ണം 30 ശതമാനമായി കുറയ്ക്കാനാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ ലക്ഷ്യമിടുന്നത്.

ഹൃദയാഘാതം തിരിച്ചറിയാനും ചികിത്സ നിര്‍ണയിക്കാനും വിവിധ പരിശോധനകള്‍ ഇന്ന് പ്രചാരത്തിലുണ്ട്. ഇലക്ട്രോ കാര്‍ഡിയോഗ്രാം(ഇ.സി.ജി), കൊറോണറി ആന്‍ജിയോഗ്രാഫി, ട്രോപ്പോണില്‍ രക്തപരിശോധന, രക്തത്തിന്റെയും കൊളസ്‌ട്രോളിന്റെയും ഗ്ലൂക്കോസിന്റെയും അളവ് നിര്‍ണ്ണയം, എക്കോ കാര്‍ഡിയോഗ്രാം, എക്‌സര്‍സൈസ് ടോളറന്‍സ് ടെസ്റ്റ്(വ്യായാമ സഹിഷ്ണുതാ പരിശോധന)എന്നിവയാണ് പൊതുവെ പ്രചാരത്തിലുള്ള പരിശോധനാ രീതികള്‍.

ഹൃദയാഘാതം സംഭവിച്ച് 90 മിനിറ്റിനകം പ്രൈമറി ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയമാക്കുകയാണെങ്കില്‍ കിതപ്പും നെഞ്ചുവേദനയും ശമിപ്പിച്ച് രക്തപ്രവാഹത്തെ മെച്ചപ്പെടുത്തി രോഗിയെ രക്ഷിക്കാം സാധിക്കും. ഞരമ്പുകളിലൂടെ രക്തത്തെ അലിയിക്കാനുള്ള മരുന്നുകള്‍ കടത്തിവിടുകയാണ് ത്രോംബോലൈസിസ് എന്ന പ്രക്രിയയില്‍ ചെയ്യുന്നത്. ഹൃദയാഘാതം വളരെ നേരത്തെ നിര്‍ണയിക്കപ്പെട്ടുവെങ്കില്‍ മാത്രമാണ് ഈ രീതി ഫലം ചെയ്യുക.