സൗദിയില്‍ വിദേശികളുടെ പണമിടപാട് നിരീക്ഷിക്കുന്നു: രേഖകള്‍ സൂക്ഷിക്കാന്‍ സൗദി മോണിട്ടറി ഏജന്‍സിയുടെ നിര്‍ദേശം

single-img
27 September 2017

വിദേശികളുടെ പണമിടപാട് രേഖകള്‍ സൂക്ഷിക്കാന്‍ സൗദി മോണിട്ടറി ഏജന്‍സി (സാമ) മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതുപ്രകാരം വിദേശത്തെ നാലില്‍ അധികം അക്കൗണ്ടുകളിലേക്ക് പണം അയക്കുന്നവര്‍ അന്വേഷണ പരിധിയില്‍ വരുമെന്നും വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സാമ അറിയിച്ചു.

വരുമാനത്തില്‍ കൂടുതല്‍ പണം അയക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതോടൊപ്പം ആര്‍ക്കാണോ പണം അയക്കുന്നത് അവരുമായുള്ള ബന്ധം ഇനി മണി എക്‌സ്‌ചേഞ്ചുകള്‍ രേഖപ്പെടുത്തണം. വരുമാനത്തിലധികമുള്ള പണം കണ്ടുകെട്ടാന്‍ അതത് രാജ്യങ്ങളുമായി ചര്‍ച്ച നടത്തുമെന്നും സാമ അറിയിച്ചു.

കഴിഞ്ഞ നാല് മാസങ്ങള്‍ക്കിടെ സൗദിയില്‍ മുന്നൂറോളം പേരുടെ സംശയാസ്പദമായ പണമിടപാടുകളാണ് അന്വേഷണത്തിന് വിധേയമാക്കിയത്. ഇതില്‍ വരുമാന സ്രോതസ്സ് തെളിയിക്കാന്‍ പറ്റാത്തവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിരിക്കുകയാണ്.

ബാങ്ക് വഴി മാത്രമായിരിക്കണം ശമ്പളം നല്‍കേണ്ടതെന്നും എന്നാല്‍ മാത്രമേ ഇത്തരം അനധികൃത പണമിടപാട് നിര്‍ത്തലാക്കാന്‍ സാധിക്കുകയുള്ളുവെന്നും സാമ പറയുന്നു. ഇതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സാമ മുന്നറിയിപ്പ് നല്‍കി. ഹവാല ഇടപാടുകാര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിച്ച് വരികയാണ്. ഇത്തരം സംവിധാനങ്ങളെ സഹായിക്കുന്നവരും അന്വേഷണ പരിധിയില്‍ വരുമെന്ന് സാമ വ്യക്തമാക്കി.