പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യന്‍ രൂപയുമായുള്ള റിയാലിന്റെ വിനിമയനിരക്കില്‍ വര്‍ധന: നാട്ടിലേക്കു പണമയക്കാന്‍ തിരക്ക്

single-img
27 September 2017

ഇന്ത്യന്‍ രൂപയുമായുള്ള റിയാലിന്റെ വിനിമയനിരക്കില്‍ വര്‍ധന. യു.എസ്. ഡോളര്‍ ശക്തി പ്രാപിച്ചതോടെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് റിയാലുമായുള്ള വിനിമയനിരക്ക് വര്‍ധിക്കാന്‍ കാരണം. ആറുമാസത്തിനുശേഷം ഇതാദ്യമായാണ് റിയാലുമായുള്ള വിനിമയനിരക്കില്‍ ഗണ്യമായ വര്‍ധനയുണ്ടാകുന്നത്.

റിയാലിന് 169.93 രൂപ നിരക്കിലാണ് ധനവിനിമയ സ്ഥാപനങ്ങള്‍ ഇന്നലെ ഇടപാടുകള്‍ അവസാനിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു റിയാലിന് 178.70 രൂപ വരെ വിനിമയനിരക്ക് ഉയര്‍ന്നിരുന്നു. ഏപ്രില്‍ മാസത്തില്‍ ഇത് വിനിമയ നിരക്ക് 165നും 166 രൂപക്കും ഇടയിലായിരുന്നു. കഴിഞ്ഞ ആഴ്ചയുടെ അവസാനം മുതലാണ് ഇതില്‍ നിന്ന് ഉയര്‍ച്ചയുണ്ടാകാന്‍ തുടങ്ങിയത്.

ഡോളറിന് 65.24 രൂപ എന്ന നിലയിലാണ് ചൊവ്വാഴ്ച രൂപ വ്യാപാരം തുടങ്ങിയത്. ഇത് 65.44 രൂപ വരെ ഉയര്‍ന്നു. ഡിസംബര്‍ വരെ ഇടിവ് തുടരാനാണ് സാധ്യത. വിനിമയ നിരക്ക് റിയാലിന് 170 മുതല്‍ 172 രൂപ വരെ ഉയര്‍ന്നേക്കാം . വിനിമയനിരക്ക് ഉയര്‍ന്നതോടെ കൂടുതല്‍ ആളുകള്‍ നാട്ടിലേക്കു പണമയക്കാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആണ്. വിനിമയനിരക്ക് വര്‍ധിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന പ്രവാസികള്‍ക്ക് അപ്രതീക്ഷിതമായുണ്ടായ വര്‍ധന വളരെ സന്തോഷം നല്‍കുന്നതാണ്.