സൗദിയില്‍ ശമ്പളം നല്‍കാത്തതു ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മലയാളിയെ സ്‌പോണ്‍സര്‍ വ്യാജപരാതിയില്‍ കുടുക്കി: സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെട്ട് രക്ഷപ്പെടുത്തി

single-img
26 September 2017

സ്‌പോണ്‍സര്‍ വ്യാജ പരാതി നല്‍കിയതിനെ തുടര്‍ന്നു ദുരിതത്തിലായ മലയാളിക്ക് സാമൂഹിക സംഘടനാ പ്രവര്‍ത്തകരുടെ ഇടപെടലില്‍ മോചനം. ശമ്പളം നല്‍കാത്തതു ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മലയാളി ഒളിച്ചോടിയെന്നു സ്‌പോണ്‍സര്‍ വ്യാജ പരാതി നല്‍കിയത്.

സൗദി അല്‍ഹസ്സയില്‍ സ്വദേശി പൗരന്റെ വര്‍ക്‌ഷോപ്പിലേക്കു മെക്കാനിക്കല്‍ വീസയില്‍ രണ്ടുകൊല്ലം മുന്‍പെത്തിയ തിരുവനന്തപുരം സ്വദേശി രഘുവാണു ചതിയില്‍പെട്ടത്. രണ്ടു വര്‍ഷമായിട്ടും ശമ്പളം ലഭിക്കാതായപ്പോള്‍ നാട്ടിലേക്കു തിരികെ പോകാന്‍ സ്‌പോണ്‍സറെ സമീപിച്ചപ്പോഴാണു വ്യാജ പരാതിയുടെ കാര്യം രഘു അറിഞ്ഞത്.

പരാതി പിന്‍വലിക്കണമെങ്കില്‍ വന്‍ തുക വേണമെന്ന് സ്‌പോണ്‍സര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു നവയുഗം സാമൂഹിക സംഘടനാ പ്രവര്‍ത്തകര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും രഘു ലേബര്‍ കോടതിയില്‍ കേസ് കൊടുക്കുകയും ചെയ്തു. സ്‌പോണ്‍സറുടെ ചതി തെളിവുസഹിതം സാമൂഹികപ്രവര്‍ത്തകര്‍ കോടതിയെ അറിയിച്ചു.

ഇതോടെ കോടതി രഘുവിന് അനുകൂല ഉത്തരവ് ഇറക്കുകയായിരുന്നു. ശമ്പളകുടിശിക മുഴുവന്‍ നല്‍കാനും കോടതി ഉത്തരവിട്ടു. ഇതേത്തുടര്‍ന്ന് രഘു നാട്ടിലേക്ക് തിരിച്ചു.