‘ഈ കിരീടം എനിക്ക് വേണ്ട’: വിജേന്ദര്‍ സിങ് ബോക്‌സിങ് കിരീടം നിഷേധിച്ചത് ആഘോഷിച്ച് സോഷ്യല്‍മീഡിയ

single-img
6 August 2017

മുംബൈ: അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷമായിരിക്കേ നടന്ന ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. എന്നാല്‍ ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ചൈനീസ് താരം സുല്‍പികര്‍ മെയ്‌മെയ്തിയാലിയെ ഇടിച്ചിട്ട് ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടം ചൂടിയ ഇന്ത്യയുടെ വിജേന്ദര്‍ സിങ് തന്റെ വിജയം ആഘോഷിക്കുന്നതിന് പകരം വളരെ വ്യത്യസ്തമായാണ് ഇതിനെതിരെ പ്രതികരിച്ചത്.

‘ഈ കിരീടം എനിക്ക് വേണ്ട, കാരണം അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’ എന്നായിരുന്നു വിജയശേഷം താരത്തിന്റെ പ്രതികരണം. സിക്കിം മേഖലയില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇന്ത്യന്‍ താരവും ചൈനീസ് താരവും തമ്മില്‍ ഏറ്റുമുട്ടിയത്. അതുകൊണ്ടുതന്നെ വിജേന്ദര്‍ കിരീടം നേടിയപ്പോള്‍ അതിനെ ചൈനക്കു മേല്‍ ഇന്ത്യ നേടിയ വിജയമായാണ് ചിലര്‍ വിലയിരുത്തിയത്. ഇതിനു പിന്നാലെയാണു സമാധാനത്തിന്റെ സന്ദേശവുമായി വിജേന്ദറിന്റെ പ്രതികരണം

‘ഇങ്ങനെയൊരു വീക്ഷണകോണിലാണ് തന്റെ വിജയം ആഘോഷിക്കപ്പെടുന്നതെങ്കില്‍ ചാമ്പ്യന്‍സ് പട്ടം തനിക്കു വേണ്ട. കിരീടം തിരികെ നല്‍കുന്നതിലൂടെ ഇന്ത്യ ചൈന അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ കുറയണമെന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്. ഇതിലൂടെ സമാധാനത്തിന്റെ സന്ദേശം നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവരുടെ (ചൈന) മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും ഇതിന്റെ സന്ദേശം ലഭിക്കുമെന്നാണു മനസിലാക്കുന്നതെന്നും’ വിജേന്ദര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിജേന്ദറിന്റെ കരിയറിലെ തുടര്‍ച്ചയായ ഒമ്പതാം ജയമാണിത്. മൂക്കില്‍ നിന്നും ചോര പൊടിഞ്ഞിട്ടും പോരാട്ട വീര്യം ചോരാതെയാണ് വിജേന്ദര്‍ മത്സരിച്ചത്. മെയ്‌മെയ്തിയാലിയുടെ വെല്ലുവിളികള്‍ക്ക് ഇടിക്കൂട്ടില്‍ തന്റെ പഞ്ച് കൊണ്ട് മറുപടി പറഞ്ഞ വിജേന്ദര്‍ 96-93, 95-94,95-94 എന്ന സ്‌കോറിനാണ് വിജയം പിടിച്ചെടുത്തത്. ലോക റാങ്കിങില്‍ 51ാം സ്ഥാനത്താണ് വിജേന്ദറുള്ളത്. അതേസമയം 23കാരനായ മെയ്‌മെയ്തിയാലി ലോക റാങ്കിങില്‍ 127ാം സ്ഥാനക്കാരനാണ്.