യുഎഇയില്‍ വിസിറ്റിംഗ് വിസയില്‍ ജോലിക്ക് പോകരുത്: മുന്നറിയിപ്പുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്
യു.എ.ഇയില്‍ വിസിറ്റിംഗ് വിസയില്‍ ജോലിക്ക് പോകരുതെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്. യു.എ.ഇയുടെ നിയമപ്രകാരമാണ് വിസ അനുവദിച്ചിട്ടുളളതെന്ന് ഉറപ്പാക്കിയ ശേഷം മാത്രമായിരിക്കണം യാത്ര പുറപ്പെടേണ്ടതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
വിസിറ്റിംഗ് വിസയില്‍ യു.എ.ഇ യില്‍ എത്തിയ ഉത്തര്‍പ്രദേശുകാരുടെ സംഘം വഞ്ചിതാരായെന്ന വാര്‍ത്ത ഈയിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുകൂടാതെ ഏജന്റുമാരാല്‍ വഞ്ചിക്കപ്പെട്ട് യു.എ.ഇയില്‍ ജോലിക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലുണ്ടായിരിക്കുന്നത്.
ജോലിക്കായി പോകുന്നവര്‍ സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് സംവിധാനമായ ഇമൈഗ്രേറ്റിനു കീഴില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സുമായി വരുന്നതാണ് സുരക്ഷിതം. വ്യാജ തൊഴില്‍ദാതാക്കളെ കണ്ടെത്താന്‍ ഇന്ത്യന്‍ എംബസി സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ വര്‍ക്കേഴ്സ് റിസോഴ്സ് സെന്റര്‍ വഴി വിസയുടെയും തൊഴിലവസരങ്ങളുടെയും വിവരങ്ങള്‍ ഉണ്ടാകുമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.