ഖത്തറുമായി ബന്ധമുള്ളവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കും; ഉപരോധം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി യുഎഇ

single-img
27 July 2017


ദുബൈ: ഖത്തറുമായി ബന്ധമുള്ള വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കമാരംഭിച്ച് യുഎഇ. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സെന്‍ട്രല്‍ ബാങ്കാണ് ഖത്തറുമായി ബന്ധം പുലര്‍ത്തുന്ന 18 സ്വകാര്യ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും അക്കൗണ്ടുകള്‍ മരവിപ്പിക്കാനൊരുങ്ങുന്നത്. സൗദി അറേബ്യയുടെ നിര്‍ദേശാനുസരണമാണ് നടപടിയെന്നാണ് കരുതപ്പെടുന്നത്.

ഈ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ബാങ്ക് അക്കൗണ്ടുകള്‍, നിക്ഷേപങ്ങള്‍, സമ്പാദ്യങ്ങള്‍ എന്നിവയെല്ലാം എത്രയും പെട്ടെന്ന് മരവിപ്പിക്കാനും ഇവരെ കരമ്പട്ടികയില്‍ പെടുത്താനുമാണ് യു.എ.ഇ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതായി യുഎഇ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ വാം ആണ് വാര്‍ത്ത പുറത്തുവിട്ടത്.

ബഹറൈനും ഈജിപ്റ്റും യുഎഇയുടെ പാത പിന്‍തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യെമനിലും ലിബിയയിലുമായി വേരുകളുള്ള ഒന്‍പത് സംഘടനകളെയും ചില വ്യക്തികളെയും ഈ രാജ്യങ്ങള്‍ നേരത്തേ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. ഖത്തറുമായി ബന്ധമുണ്ടെന്നും സാമ്പത്തിക ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നുമായിരുന്നു ആരോപണം. എന്നാല്‍ ഖത്തര്‍ ഈ ആരോപണം നിഷേധിച്ചു.

ഖത്തറും സൗദി സഖ്യരാജ്യങ്ങളും തമ്മില്‍ രണ്ട് മാസമായി നിലനില്‍ക്കുന്ന ശീതസമരം ഉടനെയൊന്നും പരിഹരിക്കപ്പെടില്ലെന്നാണ് പുതിയ നടപടിയിലൂടെവ്യക്തമാവുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ കുവൈത്തും അമേരിക്കയും ശ്രമം നടത്തിവരികയാണ്.

‘ഞങ്ങള്‍ക്ക് ഖത്തര്‍ ഇല്ലാതെ തന്നെ പ്രയാണം തുടരേണ്ടതുണ്ട് ‘എന്നാണ് യുഎഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗശ് ഇതേക്കുറിച്ച് ട്വിറ്ററില്‍ കുറിച്ചത്.