ഖത്തര്‍ പ്രതിസന്ധി തുടരും: അന്ത്യശാസനം തള്ളിയ ഖത്തറിനോടുള്ള ഉപരോധം തുടരുമെന്ന് സൗദി

single-img
6 July 2017

കെയ്‌റോ: ഖത്തറിനെതിരെ ഉപരോധം തുടരുമെന്ന് സൗദി അനുകൂല രാജ്യങ്ങള്‍ പ്രഖ്യാപിച്ചു. ഉപാധികള്‍ അംഗീകരിക്കാന്‍ ഖത്തറിന് നീട്ടി നല്‍കിയ 48 മണിക്കൂര്‍ സമയം ഇന്നലെ അവസാനിച്ച ഘട്ടത്തില്‍ ഈജിപ്തിലെ കെയ്‌റോയില്‍ നടന്ന സൗദി അനുകൂല രാജ്യങ്ങളുടെ യോഗത്തിലാണ് തീരുമാനം. സാമ്പത്തികവും രാഷ്ട്രീയവുമായ ഉപരോധം തുടരാനാണ് തീരുമാനം. തുടര്‍നടപടികള്‍ ഉചിത സമയത്തു തീരുമാനിക്കുമെന്നും സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ അറിയിച്ചു. അതേസമയം, ഖത്തറിനെതിരെ പുതിയ നടപടികളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

ഉപരോധം നീക്കാന്‍ മുന്നോട്ടുവച്ച ഉപാധികളോടുള്ള ഖത്തറിന്റെ പ്രതികരണം നിഷേധാത്മകമാണെന്നു മന്ത്രിമാര്‍ യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവിലുള്ള നയങ്ങള്‍ ഖത്തര്‍ പുനഃപരിശോധിക്കുമെന്ന് ഈ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ കരുതാനാവില്ല. സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്ന മറുപടിയല്ല ലഭിച്ചിരിക്കുന്നത്. ഖത്തറിനെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണോയെന്ന കാര്യം പിന്നീടു ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും വ്യക്തമാക്കി.

ഖത്തറിന്റെ നിലപാടില്‍ മാറ്റമുണ്ടാകും വരെ സാമ്പത്തിക, രാഷ്ട്രീയ ഉപരോധം തുടരുമെന്നു സൗദി വിദേശകാര്യമന്ത്രി ആദെല്‍ ജുബൈര്‍ വ്യക്തമാക്കി. ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍നിന്നു (ജിസിസി) ഖത്തറിനെ ഒഴിവാക്കണോയെന്ന് കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നു ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ അറിയിച്ചു.

തങ്ങളുടെ നിലപാടിനു രാജ്യാന്തര സമൂഹത്തിന്റെ പിന്തുണയുണ്ടാകുമെന്നാണു പ്രതീക്ഷയെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി സമേഹ് സൗക്രി പറഞ്ഞു. ഭീകരവാദം പൂര്‍ണമായും തുടച്ചുനീക്കാനാണു റിയാദില്‍ നടന്ന യുഎസ്–അറബ് ഇസ്‌ലാമിക ഉച്ചകോടി തീരുമാനിച്ചത്. ഭീകരവാദികള്‍ക്കുള്ള എല്ലാ സാമ്പത്തിക സഹായവും തടയാനും തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഇപ്പോഴുള്ള നടപടികളെന്നും അദ്ദേഹം പറഞ്ഞു.

വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനു മുന്‍പ് ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താഹ് അല്‍ സിസി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. അതേസമയം, ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ യുഎസിനു പങ്കുള്ളതായി കരുതുന്നില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനി ലണ്ടനില്‍ പറഞ്ഞു. കയ്‌റോ യോഗ തീരുമാനത്തോടു ഖത്തര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.