ഖത്തറിന്റെ നയങ്ങള്‍ തിരുത്തലാണ് ഉപരോധത്തിന്റെ ലക്ഷ്യം; മറുപടി സൂക്ഷ്മമായി പഠിച്ച ശേഷം തീരുമാനമെന്ന് സൗദി

single-img
5 July 2017

ജിദ്ദ: ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ രാഷ്ട്രങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളുടെ ലക്ഷ്യം ഖത്തറിന്റെ നയങ്ങള്‍ മാറ്റലാണെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍. ഉപരോധം ഏര്‍പ്പെടുത്തിയ രാഷ്ട്രങ്ങളുടെ ആവശ്യങ്ങളോടുള്ള ഖത്തറിന്റെ മറുപടിയില്‍ തങ്ങള്‍ ഉറ്റുനോക്കുന്നുണ്ടെന്നും സൂക്ഷ്മമായി പഠിച്ച് അതില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ജുബൈര്‍ വ്യക്തമാക്കി. ജര്‍മന്‍ വിദേശകാര്യ മന്ത്രിയുമായി ജിദ്ദയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ജി.സി.സിയുടെ അഖണ്ഡത പ്രധാനമാണെന്നും പ്രദേശത്തിന്റെ സുസ്ഥിരതയില്‍ അത് മുഖ്യഘടകമാണെന്നും ജര്‍മന്‍ മന്ത്രി ഗബ്രിയേല്‍ അഭിപ്രായപ്പെട്ടു. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ പിന്തുണക്കുന്നതായും അദ്ദേഹം ആവര്‍ത്തിച്ചു. ഉപരോധം ഏര്‍പ്പെടുത്തിയ രാഷ്ട്രങ്ങള്‍ ഖത്തറിന്റെ പരമാധികാരത്തില്‍ സംശയിക്കുന്നതായി താന്‍ വിശ്വസിക്കുന്നില്ലെന്നും പ്രതിസന്ധി പരിഹരിക്കുന്നതിന് ഏറ്റവും ഉത്തമമായ മാര്‍ഗം ഗള്‍ഫ് പ്രദേശത്ത് ഭീകരതക്കുള്ള സാമ്പത്തിക സഹായം തടയുന്നതിനുള്ള ഉടമ്പടിയുണ്ടാക്കലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഖത്തറിന്റെ നിലവിലെ നയങ്ങള്‍ അവര്‍ക്കും മേഖലയിലെ രാഷ്ട്രങ്ങള്‍ക്കും ലോകത്തിന് തന്നെയും ദോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ നല്‍കിയ മറുപടി പഠിച്ച ശേഷം മാത്രമേ സൌദി ഉള്‍പ്പെടെയുള്ള നാല് രാഷ്ട്രങ്ങള്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്നും ആദില്‍ ജുബൈര്‍ പറഞ്ഞു. സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നോട്ടുവെച്ച 13 നിബന്ധനകളില്‍ ഭൂരിപക്ഷവും 2014ലെ ജി.സി.സി രാജ്യങ്ങള്‍ക്ക് മുമ്പില്‍ ഖത്തര്‍ ഒത്തുതീര്‍പ്പിലത്തെിയ നിബന്ധനകളാണെന്നും ആദില്‍ ജുബൈര്‍ പറഞ്ഞു.

തീവ്രവാദത്തിന് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കുക, തീവ്രവാദത്തിന് ധനസഹായം നല്‍കുന്നവര്‍ക്ക് അഭയം നല്‍കുന്നത് നിര്‍ത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ ഏത് യൂറോപ്യന്‍ രാജ്യവും യോജിക്കുമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മാര്‍ ഗബ്രിയേല്‍ ചോദിച്ചു. അതേസമയം വിഷയത്തില്‍ മധ്യസ്ഥം വഹിക്കുന്ന കുവൈത്ത് മുഖേന ഖത്തര്‍ നല്‍കിയ മറുപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാല് രാജ്യങ്ങളുടെ പ്രത്യേക യോഗം ബുധനാഴ്ച കയ്‌റോവില്‍ ചേരും. പ്രതിസന്ധിക്ക് മഞ്ഞുരുക്കമുണ്ടാക്കാന്‍ സമ്മേളനം വഴിവെച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്.