ഖത്തറിനെതിരെ കൂടുതല്‍ ഉപരോധമുണ്ടാകുമോ എന്ന് പറയാനായിട്ടില്ലെന്ന് യുഎഇ; ‘മറുപടിക്കായി കാത്തിരിക്കുന്നു’

single-img
5 July 2017

അബൂദാബി: ഉപരോധം ഇളവു ചെയ്യുന്നതിന്റെ ഭാഗമായി സൗദി അനുകൂല രാജ്യങ്ങള്‍ മുന്നോട്ടുവെച്ച ഉപാധികളില്‍ ഖത്തറിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സയിദ് അല്‍ നഹ്‌യാന്‍. യുഎഇ സന്ദര്‍ശിക്കുന്ന ജര്‍മന്‍ വിദേശകാര്യന്ത്രി സിഗ്മര്‍ ഗബ്രിയേലിനൊപ്പം അബൂദബിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിദേശകാര്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഒന്നിച്ചുനില്‍ക്കുന്നില്ലെങ്കില്‍ വേര്‍പിരിയലാണ് വഴി എന്ന മുന്നറിയിപ്പ് ആവര്‍ത്തിച്ച് സഹമന്ത്രി ഡോ. അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷും രംഗത്തെത്തി. ഖത്തര്‍ പ്രശ്‌നത്തില്‍ സൗദി അനുകൂല രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ കെയ്‌റോയില്‍ സമ്മേളിക്കാനിരിക്കെയാണ് യുഎഇ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

അതേസമയം ഖത്തറിനെതിരെ കൂടുതല്‍ ഉപരോധമുണ്ടാകുമോ എന്ന് പറയാനായിട്ടില്ല. മധ്യസ്ഥരായ കുവൈത്ത് വഴി അവരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു. ഖത്തറിനെതിരായ അറബ് രാജ്യങ്ങളുടെ നിലപാട് ഭീകരതക്കെതിരായ പോരാട്ടത്തില്‍ ശക്തിപകരുമെന്നായിരുന്നു ജര്‍മന്‍ വിദേശകാര്യമന്ത്രി പ്രതികരണം. ഉത്തരവാദിത്തങ്ങളില്‍ ഒന്നിച്ചു നില്‍ക്കാം അല്ലെങ്കില്‍ വേര്‍പിരിയാം എന്നാണ് യുഎഇ വിദേശകാര്യസഹമന്ത്രി ഡോ. അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷ് ട്വിറ്ററില്‍ കുറിച്ചത്. ഖത്തറിനെ വിലിയിടിച്ചു കാണിക്കാനോ, അവരെ ഇല്ലാതാക്കാനോ ഞങ്ങള്‍ ശ്രമിക്കില്ല. പക്ഷെ, അവരുടേത് വേറെ വഴിയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.