ചെലവുചുരുക്കല്‍: വിദേശികളുടെ മെഡിക്കല്‍ ഫീസ് കുവൈറ്റ് ഈ മാസം മുതല്‍ വര്‍ദ്ധിപ്പിക്കും

single-img
5 July 2017

കുവൈറ്റ്: രാജ്യത്തെ വിദേശികളുടെ മെഡിക്കല്‍ ഫീസ് വര്‍ദ്ധന ഈ മാസം പ്രാബല്യത്തില്‍ വരുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രി ഡോ.ജമാല്‍ ഹര്‍ബി അറിയിച്ചു. എണ്ണ വിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ രാജ്യം ചെലവ് ചുരുക്കല്‍ നടപടികള്‍ ശക്തമാക്കിയതോടെയാണ് നിരക്ക് പരിഷ്‌കരണം വേഗത്തിലായത്.

നിരക്ക് വര്‍ദ്ധന സംബന്ധിച്ച അന്തിമ തീരുമാനം പെരുന്നാള്‍ അവധിക്കു ശേഷമുണ്ടാകുമെന്ന് നേരത്തെ മന്ത്രി പ്രസ്താവിച്ചിരുന്നു. കഴിഞ്ഞ ദിവസം അല്‍ റായി പത്രത്തിനനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയത്. പക്ഷേ സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന നിരക്കുകളേക്കാള്‍ കുറവായിരിക്കും സര്‍ക്കാര്‍ ആശുപത്രികള്‍ ഈടാക്കുകയെന്നും മന്ത്രി സൂചിപ്പിച്ചു.

ആദ്യഘട്ടത്തില്‍ സന്ദര്‍ശക വിസയിലെത്തുന്നവരുടെ ചികിത്സാ നിരക്കുകളാണ് വര്‍ദ്ധിപ്പിക്കുകയെങ്കിലും തൊഴില്‍ ആശ്രിത വിസകളില്‍ ഉള്ളവര്‍ക്കും പിന്നീട് പുതുക്കിയ നിരക്ക് ബാധകമാകും. പുതുക്കിയ നിരക്കുകള്‍ എത്രയാണെന്നു വെളിപ്പെടുത്തിയില്ലെങ്കിലും നിലവില്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന ഫീസിലും 20 ശതമാനം കുറവ് സര്‍ക്കാര്‍ ആശുപത്രികളിലുണ്ടാകുമെന്ന് മന്ത്രി സൂചിപ്പിച്ചു.

സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യനിരക്കിലുള്ള ചികിത്സ ഉപയോഗപ്പെടുത്തുന്നതിനുവേണ്ടിമാത്രം വിദേശികള്‍ കുവൈത്ത് സന്ദര്‍ശിക്കുന്നുവെന്നും ഇത് മൂലം സര്‍ക്കാര്‍ ഖജനാവിനു വന്‍തുകയുടെ നഷ്ടമുണ്ടാകുന്നുവെന്ന് വിലയിരുത്തിയുമാണ് പുതിയ നടപടി. പാര്‍ലമെന്റ് തലത്തിലും ഈ ആവശ്യം ശക്തമായിരുന്നു.

ഇതിനായി ആരോഗ്യമന്ത്രാലയ അണ്ടര്‍ സെക്രട്ടറിമാര്‍ ഉടന്‍ യോഗം ചേര്‍ന്ന് തീരുമാനം ഫലപ്രദമായി നടപ്പിലാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. വിദേശികള്‍ക്ക് വേണ്ടിയുള്ള ഇന്‍ഷുറന്‍സ് ആശുപത്രികളുടെ നിര്‍മാണം രാജ്യത്തു പുരോഗമിക്കുകയാണ്. ഇവ പ്രവര്‍ത്തന സജ്ജമായാല്‍ സര്‍ക്കാര്‍ ആശുപത്രികള്‍ സ്വദേശികള്‍ക്കു മാത്രമായി പരിമിതപ്പെടുത്താനുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം.