സൗദിയില്‍ വിദേശികളുടെ ആശ്രിതര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് നേടുന്നതിനും ലെവി ബാധകമാക്കി

single-img
3 July 2017

റിയാദ്: സൗദിയില്‍ വിദേശികളുടെ കുടുംബാംഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച ഫീസ് നിലവില്‍ വന്നു. വിദേശികളുടെ ആശ്രിതരായി രാജ്യത്ത് കഴിയുന്ന ഓരോരുത്തരും താമസരേഖയായ ഇഖാമ പുതുക്കുമ്പോഴോ റീ എന്‍ട്രി വിസ ഇഷ്യു ചെയ്യുന്ന സമയത്തോ ഫീസ് അടക്കണമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി. വര്‍ഷത്തില്‍ ആയിരത്തി ഇരുനൂറ് റിയാലാണ് ഫീസ് നല്‍കേണ്ടത്. ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ചില അവ്യക്തകള്‍ ഇപ്പോഴും തുടരുന്നുണ്ട്.

സൗദിയില്‍ കഴിയുന്ന ആശ്രിതരുടെ ഇഖാമ പുതുക്കുകയോ, റീ എന്‍ട്രി വിസക്ക് അപേക്ഷിക്കുകയോ ചെയ്യുന്നതിനു മുമ്പ് ഫീസ് നിര്‍ബന്ധമായും അടക്കണം. എന്നാല്‍ മാത്രമേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളുവെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ട്വിറ്ററിലൂടെ വ്യക്തമാക്കുകയായിരുന്നു.

വിദേശികളുടെ ആശ്രിതര്‍ക്ക് ഒരാള്‍ക്ക് പ്രതിമാസം നൂറ് റിയാലാണ് ഫീസായി നല്‍കേണ്ടത്. താമസ രേഖയായ ഇഖാമ പുതുക്കുമ്പോള്‍ ഒരു വര്‍ഷത്തേക്ക് ഒരുമിച്ചാണ് ഫീസ് നല്‍കേണ്ടത്. ഫീസ് നിലവില്‍ വന്നെങ്കിലും ഇത് എങ്ങനെ ഈടാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലാത്തിനാല്‍ ഫീസ് അടക്കേണ്ട രീതിയെക്കുറിച്ചും വിദേശികള്‍ക്ക് അവ്യക്തയുണ്ട്. ഇപ്പോള്‍ പ്രതിമാസം നൂറ് റിയാല്‍ ഈടാക്കുന്ന ഫീസ് 2018 ജനുവരി മുതല്‍ ഓരോ മാസവും 200 റിയാലും 2019 മുതല്‍ 300 റിയാലും ആയി വര്‍ദ്ധിക്കുമെന്ന് ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. 2020ല്‍ പ്രതിമാസം നാനൂറ് റിയാലാണ് ഫീസ് നല്‍കേണ്ടത്.

അതേസമയം ഡിസംബര്‍ അവസാനത്തില്‍ ഫീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇഖാമ പുതുക്കുമ്പോള്‍ മാത്രം നല്‍കിയാല്‍ മതിയെന്നായിരുന്നു അധിക പേരുടെയും പ്രതീക്ഷ. എന്നാല്‍ റീ എന്‍ട്രിക്ക് മുമ്പായി ഫീസ് നല്‍കമെന്ന നിയമം നിരവധി കുടുംബങ്ങളെ പ്രയാസത്തിലാക്കിയിട്ടുണ്ട്. വലിയ തുക വിമാന ടിക്കറ്റിന് നല്‍കിയതോടൊപ്പം നാലംഗ കുടുംബം നാലായിരം റിയാലോളം ഫീസ് ഇനത്തില്‍ അടക്കണം.

സ്‌കൂള്‍ വാര്‍ഷിക അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കുന്ന നിരവധി മലയാളി കുടുംബങ്ങള്‍ ഇതുകാരണം ആശങ്കയിലാണ്. ഫൈനല്‍ എക്‌സിറ്റിനും ആശ്രിത ഫീസ് അടക്കല്‍ നിര്‍ബന്ധമാണ്. ആശ്രിത ഫീസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ വിശദീകരണം ലഭ്യമാകേണ്ടതുണ്ട്. അതിനിടെ ആശ്രിത ഫീസുമായി ബന്ധപ്പെട്ട് ചില വ്യക്തികള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് പ്രവാസികളെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നുണ്ട്.