വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജിനെതിരായ ബലാത്സംഗക്കേസിന്റെ അന്വേഷണം സ്വീഡൻ നിർത്തിവെച്ചു

single-img
19 May 2017

വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജിനെതിരായ ബലാത്സംഗക്കേസുകളിലെ അന്വേഷണം നിർത്തിവെച്ചതായി സ്വീഡൻ. സ്വീഡനിലെ ഡയക്ടർ ഓഫ് പ്രോസിക്യൂഷൻ ആയ മരിയൻ നി ആണു ഇക്കാര്യം അറിയിച്ചത്.

അഞ്ചുകൊല്ലമായി ലണ്ടനിലെ ഇക്വഡോർ എംബസ്സിയിൽ അഭയാർത്ഥിയായിക്കഴിയുന്ന ജൂലിയൻ അസ്സാഞ്ജ് ഓസ്ട്രേലിയൻ പൌരനാണു. രണ്ടു സ്ത്രീകളാണു സ്വീഡനിൽ ഇദ്ദേഹത്തിനെതിരേ കേസ് ഫയൽ ചെയ്തിരുന്നത്. ലണ്ന്നിൽ വെച്ച് അറസ്റ്റ് ഒഴിവാക്കാൻ അദ്ദേഹം 2012-ൽ ഇക്വഡോർ എംബസ്സിയിൽ അഭയാർത്ഥിയാകുകയായിരുന്നു. സ്വീഡനിലേയ്ക്ക് കൊണ്ടുപോയാൽ സ്വീഡൻ തന്നെ അമേരിക്കയ്ക്ക് കൈമാറും എന്നു ഭയന്നാണു ഇങ്ങനെ ചെയ്തത്.

എന്നാൽ കേസിൽ അസാഞ്ജ് കുറ്റക്കാരനാണൊയെന്നു ഇനിയും സ്വീഡൻ വ്യക്തമാക്കിയിട്ടില്ല. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനു സാധിക്കാത്തതുകൊണ്ട് ഇനിയും അന്വേഷണം തുടരുന്നതിൽ അർത്ഥമില്ലെന്നാണു മരിയൻ നി അറിയിച്ചതെന്നു ബിബിസി റിപ്പോർട്ട് ചെയ്യുന്നു. കേസിന്റെ കാലാവധി കഴിയുന്ന 2020-നു മുന്നേ എപ്പോൾ അസാഞ്ജ് സ്വീഡനിൽ പ്രവേശിച്ചാലും അന്വേഷണവും വിചാരണയും പുനരാരംഭിക്കുമെന്നും ഇവർ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ രഹസ്യപ്രവർത്തനങ്ങളുടെ രേഖകൾ ചോർത്തി പുറത്തുവിട്ടതോടെയാണ് അസാൻജ് ലോകശ്രദ്ധ നേടുന്നത്. നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ പല പ്രവർത്തനങ്ങളും ഇപ്രകാരം പുറത്തു വന്നു. 2010 ന്റെ അവസാനം 3 ലക്ഷത്തിൽ അധികം പേജുകൾ വരുന്ന രേഖകളുടെ പുറത്തുവിടലോടെ അമേരിക്കയുടെ കണ്ണിലെ കരടായി അസാൻജ് മാറി. എല്ലാ രാജ്യങ്ങളിലുമുള്ള അമേരിക്കൻ എംബസികൾ വഴി ചാര പ്രവർത്തനം നടന്നിരുന്നു എന്നതും , സഖ്യ രാജ്യങ്ങളുടെ തലവന്മാരെപ്പറ്റി തരം താണ രീതിയിൽ അമേരിക്കൻ നേതാക്കൾ പരാമർശങ്ങൾ നടത്തി എന്നുമുള്ള വെളിപ്പെടുത്തലുകൾ അമേരിക്കൻ ഭരണകൂടത്തെ അന്താരാഷ്ട്ര തലത്തിൽ പ്രതിരോധത്തിലാക്കി. അമേരിക്കയ്ക്കു പുറമേ മറ്റു രാജ്യങ്ങളിലെ ഭരണത്തലവന്മാരുടെയും, നേതാക്കളുടെയും പരാമർശങ്ങൾ പുറത്തു വരുകയുണ്ടായി. കേബിൾഗേറ്റ് വിവാദം എന്നാണിത് അറിയപ്പെടുന്നത്.

അസാൻജിന്റെ കൂടുതൽ വെളിപ്പെടുത്തലുകളും അദ്ദേഹത്തിനു ലഭിച്ചിരുന്ന മാധ്യമശ്രദ്ധയും ഏറ്റവും ഉയർന്നു നിന്നപ്പോൾ, സ്വീഡനിൽ, അദ്ദേഹത്തിനെതിരേ രണ്ട് ലൈംഗികാരോപണങ്ങൾ ഉയരുകയും സ്വീഡിഷ് ഗവൺമെന്റ് അദ്ദേഹത്തെ പിടികൂടാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു. ഇത് അമേരിക്കയുടെ സമ്മർദ്ദത്തിനു വഴങ്ങി കെട്ടിച്ചമച്ച കേസാണെന്ന് വ്യാപകമായ വിമർശനം ഉയരുകയുണ്ടായി. തന്നെ പിടികൂടി അമേരിക്കയ്ക്കു കൈമാറാനുള്ള നടപടികളാണ് നടക്കുന്നതെന്ന് അസാൻജും ആരോപിച്ചു. 2010 നവംബർ-30ന് അസാഞ്ജിനെതിരെ ലൈംഗികാതിക്രമങ്ങളുമായിബന്ധപ്പെട്ട കേസിൽ ഇന്റെർപോളിന്റെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. അറസ്റ്റ് ഭീഷണി മൂലം പല രാജ്യങ്ങളിലായി മാറി മാറി താമസിച്ച അസാൻജ് ഇടയ്ക്ക് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയും മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചും സെൻസർഷിപ്പിനെക്കുറിച്ചും അന്വേഷണാത്മക മാധ്യമപ്രവർത്തനത്തെക്കുറിച്ചും അഭിപ്രായങ്ങൾ പങ്കു വെയ്ക്കുകയും ചെയ്തു. കുരുക്ക് മുറുകിയതിനെത്തുടർന്ന് ബ്രിട്ടനിൽ കോടതിയിൽ കീഴടങ്ങിയ അസാഞ്ജിനെ തടവിലാക്കി. അസാഞ്ജിന് ലോകമെമ്പാടു നിന്നും പിന്തുണ ട്വിറ്റർ, ഫെയ്സ്ബുക്ക് തുടങ്ങിയ സാമൂഹ്യ ശൃംഖലാ വെബ്സൈറ്റുകൾ വഴി ലഭിക്കുന്നുണ്ടായിരുന്നു. ബ്രിട്ടീഷ് കോടതി ഏർപ്പെടുത്തിയ ജാമ്യത്തുക കണ്ടെത്തുവാൻ ഈ പിന്തുണ സഹായകരമായി. അതിനെത്തുടർന്ന് 2010 ഡിസംബർ17 ന് അസാഞ്ജിനു ജാമ്യം ലഭിച്ചു. നാടകീയമായി ലണ്ടനിലെ ഇക്വഡോർ എംബസ്സിയിൽ അഭയം തേടിയ അസാൻജിന്, ഇക്വഡോർ ഭരണകൂടത്തിന്റെ പിന്തുണ ലഭിച്ചു. ഇത് ബ്രിട്ടനും ഇക്വഡോറും തമ്മിലുള്ള ബന്ധങ്ങളിൽ ചെറിയ ഉലച്ചിലുണ്ടാക്കിയെങ്കിലും, ഇക്വഡോർ എംബസ്സിയുടെ പരമാധികാരത്തിൽ കൈകടത്തി അസാൻജിനെ അറസ്റ്റ് ചെയ്യുവൻ ബ്രിട്ടൻ തുനിഞ്ഞിട്ടില്ല.

സ്വീഡൻ കേസ് പിൻവലിച്ചെങ്കിലും ജാമ്യവ്യവസ്ഥലംഘിച്ചതിനു അസാഞ്ജിന്റെ പേരിൽ കേസുണ്ടെന്നും എംബസ്സിയിൽ നിന്നും പുറത്തുവന്നാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നുമാണു ബ്രിട്ടന്റെ നിലപാട്. എന്നാൽ അമേരിക്കയിൽ നിന്നും അസാഞ്ജിനെ വിട്ടുകിട്ടാനുള്ള വാറാന്റ് ലഭിച്ചുവോയെന്നുള്ള കാര്യത്തിൽ ഇനിയും ബ്രിട്ടൻ നിലപാട് വ്യക്തമാക്കിയിട്ടില്ല.