തൃശൂര്‍ ടൗണ്‍ഹാളിനു മുന്നില്‍ പുസ്തകങ്ങള്‍ നിരത്തി വില്‍ക്കാനിരിക്കുന്ന ഈ യുവാവ് ഒരു ഡിപ്ലോമക്കാരനാണ്; കോര്‍പ്പറേറ്റുകളുടെ ലോകത്ത് അവരോട് മത്സരിക്കാന്‍ നില്‍ക്കാതെ അക്ഷരങ്ങളെ നെഞ്ചോടു ചേര്‍ത്തു ജീവിക്കുകയാണ് ബിനു

single-img
25 April 2017

തൃശൂര്‍ ടൗണ്‍ഹാളിനു എതിര്‍വശത്തുള്ള സബ്ബ്ട്രഷറിയുടെ മുന്‍പിലെ ഫുട്പാത്തിലൂടെ നടന്നുപോകുമ്പോള്‍ എപ്പോഴെങ്കിലും ഈ ചെറുപ്പക്കാരനെ കണ്ടു കാണും. നിര്‍ത്തിയിട്ടിരിക്കുന്ന നാല് ചക്ര വണ്ടിനിറയെ പുസ്തകങ്ങളാണ്. ബാക്കിയുള്ളവ ഫുട്പാത്തിനോട് ചേര്‍ന്ന ചുവരില്‍ നിരത്തിയിരിക്കുന്നു. പുസ്തകങ്ങളിലേക്ക് നമ്മള്‍ സൂക്ഷിച്ചു നോക്കിയാല്‍ ബിനു അടുത്തുവരും.

”സര്‍, ഏത് ടൈപ്പ് പുസ്തകമാണ് വേണ്ടത്?” നമ്മള്‍ ആവശ്യപ്പെടുന്ന പുസ്തകം തപ്പിയെടുത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ഹാജരാക്കും. പുസ്തകത്തെക്കുറിച്ച് തനിക്കറിയാവുന്ന വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. പത്തുവര്‍ഷമായി ബിനു ഈ തൊഴിലില്‍ എത്തിയിട്ട്.

കമ്പ്യൂട്ടര്‍ ഡിപ്ലോമധാരിയായ ഇദ്ദേഹം പഠിക്കുന്ന സമയത്ത് ഒരു പ്രൊജക്ടിന്റെ ഭാഗമായാണ് തൃശ്ശൂരില്‍ എത്തുന്നത്. അന്നിവിടെ താമസിച്ചിരുന്ന, ലോഡ്ജില്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പുസ്തക കച്ചവടക്കാരനായിരുന്നു. അയാളുടെ കൂടെ പര്‍ടൈം ആയി ഫുട്പാത്തില്‍ പുസ്തകം വില്‍ക്കാന്‍ പോയി തുടങ്ങി. പിന്നീടങ്ങോട്ട് സ്വന്തമായി ഈ തൊഴിലില്‍ ഏര്‍പ്പെടുകയായിരുന്നു.

ഇത്രയും വിദ്യാഭ്യാസമുള്ള ഒരാള്‍ ഇങ്ങനൊരു ജോലി ചെയ്യുമോ ? എന്ന ചോദ്യത്തിനു ചിരിച്ചുകൊണ്ട് ബിനു പറയും ”മറ്റൊരു ജോലി ചെയ്യുമ്പോഴും കിട്ടാത്ത ഒരു സംതൃപ്തി പുസ്തകങ്ങള്‍ വില്‍ക്കുമ്പോള്‍ തനിക്ക് ലഭിക്കുന്നു്”.

ബെന്യാമിന്റെ ‘ആടുജീവിത’വും സജി തലവൂരിന്റെ വിജയത്തിന്റെ ‘ഇതിഹാസ’വും നാലായിരം കോപ്പിയോളം വിറ്റുപോയതും തന്റെ ജോലിയോടുള്ള ബിനുവിന്റെ ആത്മാര്‍ത്ഥതകൊണ്ടുതന്നെയാവാം. നോവല്‍, കഥ, കവിത,മാസികകള്‍ എന്നിവയ്ക്കുപുറമേ സ്‌കൂള്‍കോളേജ് ടെക്സ്റ്റ് പുസ്തകങ്ങളും, കോച്ചിംഗ് ഗൈഡുകളും വില്പനക്കുണ്ട്. തന്റെ കൈവശമുള്ള പുസ്തകങ്ങളെല്ലാം വെറുതെ വിറ്റഴിക്കുക എന്ന് മാത്രമല്ല, അതെല്ലാം വായിക്കുകയും അറിവ് സമ്പാദിക്കുകയും ചെയ്യുകകൂടിയാണ് ഈ ചെറുപ്പക്കാരന്‍.

കോര്‍പറേറ്റുകളുടെ ഈ ലോകത്ത് അവരോടു മത്സരിച്ച് ജയിക്കുന്നതിനേക്കാള്‍ ബിനുവിനിഷ്ടം ഈ പുസ്തകങ്ങളുടെ ഇടയില്‍ ജീവിക്കാനാണ്.