എ ഐ എ ഡി എം കെയിൽ സമവായം: പനീർശെൽവം മുഖ്യമന്ത്രി

single-img
22 April 2017

തമിഴ്നാട്ടിൽ എ ഐ എ ഡി എം കെയിലെ ഗ്രൂപ്പ് വഴക്കുകൾക്ക് വിരാമമിട്ടുകൊണ്ട് നേതാക്കൾ സമവായത്തിലെത്തി. വിമതനായ ഓ പനീർശെൽവത്തെ മുഖ്യമന്ത്രിയായി തിരികെ നിയമിക്കാനും നിലവിലെ മുഖ്യമന്ത്രി ഇ കെ പളനിസ്വാമിയെ പാർട്ടി ജനറൽ സെക്രട്ടറിയായി നിയമിക്കാനും ധാരണയായി. നിലവിൽ ജയിലിൽക്കഴിയുന്ന വി കെ ശശികലയാണു പാർട്ടിയുടെ ജനറൽ സെക്രട്ടറി.

പാർട്ടിയുടെ വിഭജിച്ചുനിന്ന രണ്ടുവിഭാഗങ്ങളും തമ്മിൽ ഈ കരാറോടെ അനുരഞ്ജനത്തിലെത്തുമെന്നും പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നുമാണു കരുതപ്പെടുന്നത്.

“അനുരഞ്ജനക്കരാർ തീരുമാനമായി. അന്തിമതീരുമാനമെടുക്കാനായി പാർട്ടിയുടേ മുതിർന്ന നേതാക്കൾ തമ്മിൽ ചർച്ച നടത്തും. പനീർശെൽവത്തിനുവേണ്ടി മുഖ്യമന്ത്രിസ്ഥാനമൊഴിയുന്ന പളനിസ്വാമി പാർട്ടിയുടെ ജനറൽ സെക്രട്ടറിയാകും,” ഒരു മുതിർന്ന നേതാവ് ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.

അനധികൃതസ്വത്ത് സമ്പാദനത്തിന്റെ പേരിൽ ഇൻകം ടാക്സ് ഡിപാർട്ട്മെന്റിന്റെ അന്വേഷണം നേരിടുന്ന ആരോഗ്യമന്ത്രി സി വിജയഭാസ്കർ മന്ത്രിസഭയിൽ നിന്നും രാജിവെയ്ക്കേണ്ടിവരുമെന്നാണു റിപ്പോർട്ടുകൾ പറയുന്നത്.

മുൻമന്ത്രിയും ഇപ്പൊൾ എം എൽ ഏയുമായ സെന്തിൽ ബാലാജിയേയും തെക്കൻ തമിഴ്നാട്ടിൽ നിന്നുള്ള മറ്റുരണ്ടുപേരേയും പുതിയതായി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. വിജയഭാസ്കറിന്റെ ഒഴിവിലേയ്ക്കാകും ബാലാജിയെ പരിഗണിക്കുക.

പാർട്ടിക്കുള്ളിലെ വിമതനീക്കങ്ങൾ സർക്കാരിനെ താഴെയിറക്കാനാകുംവിധത്തിൽ ശക്തിപ്രാപിച്ചത് കണ്ടിട്ടാണു ഔദ്യോഗികവിഭാഗം മുഖ്യമന്ത്രിസ്ഥാനം ത്യജിക്കുന്നതടക്കമുള്ള നീക്കുപോക്കുകൾക്ക് തയ്യാറായാതെന്നാണു പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. 122 എം എൽ ഏമാരിൽ വെറും ആറുപേർ കാലുമാറിയാൽ സർക്കാർ താഴെവീഴുമെന്ന സ്ഥിതിയാണു.