അമേരിക്കന്‍ ഭീഷണിക്കു മുന്നില്‍ മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയയുടെ മറുപടി; ഭീഷണിക്കു വഴങ്ങില്ലെന്നു വ്യക്തമാക്കി കിമ്മിന്റെ നീക്കങ്ങള്‍

ആക്രമണത്തിനു തയ്യാറെടുക്കുന്ന അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കി വമ്പന്‍ സൈനിക പ്രകടനം നടത്തിയതിനു പിന്നാലെ മിസൈല്‍ പരീക്ഷണവും നടത്തി ഉത്തരകൊറിയ. ഞായറാഴ്ച പുലര്‍ച്ചെ കിഴക്കന്‍ തീരത്തുനിന്നാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്. അമേരിക്കന്‍ ഭീഷണിയ്ക്ക് ഒരുതരത്തിലും വഴങ്ങില്ലെന്ന് വ്യക്തമാക്കുന്നതാണ് ഉത്തരകൊറിയയുടെ പുതിയ നടപടി.

എന്നാല്‍ ഉത്തരകൊറിയ ഏതുതരം മിസൈലാണ് പരീക്ഷിച്ചതെന്ന് വ്യക്തമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ സമയം ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം പരാജയമാണെന്ന് അമേരിക്കയും ദക്ഷിണകൊറിയയും അറിയിച്ചു. മിസൈല്‍ വിക്ഷേപിച്ച് സെക്കന്‍ഡുകള്‍ക്കകം പാട്ടിത്തെറിക്കുകയായിരുന്നെന്നാണ് അവര്‍ പറയുന്നത്.

കൊറിയ ആണവ പരീക്ഷണം നിര്‍ത്തിവെക്കണമെന്ന് അമേരിക്കയുടെ ആവശ്യമാണ് പുതിയ സാഹചര്യത്തിന് കളമൊരുക്കിയിരിക്കുന്നത്. എന്നാല്‍ അമേരിക്കയുടെ ആവശ്യം ഉത്തരകൊറിയ പൂര്‍ണമായും തള്ളിക്കളയുകയായിരുന്നു. ഇതോടെയാണ് അമേരിക്ക ഉത്തരകൊറിയ്‌ക്കെതിരെ സൈനിക നടപടി ആരംഭിക്കുകയാണെന്ന സൂചന നല്‍കിയത്.

കൊറിയന്‍ തീരത്ത് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ നങ്കൂരമിട്ടിട്ടുണ്ട്. കൊറിയക്ക് മേലുള്ള സമ്മര്‍ദ്ദം ശക്തമാക്കുകയാണ് അമേരിക്കന്‍ ലക്ഷ്യം. നിലവിലെ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടെല്ലേഴ്‌സണ്‍ ടോക്യോ സന്ദര്‍ശിക്കുന്നുണ്ട്.

അമേരിക്കയ്ക്കു മുന്നില്‍ കീഴടങ്ങാന്‍ ഉദ്ദേശമില്ലെന്നു വ്യക്തമാക്കി കഴിഞ്ഞ ദിവസം ഉത്തരകൊറിയ നടത്തിയ സൈനിക പ്രകടനത്തില്‍ നിരവധി വമ്പന്‍ മിസൈലുകളും പ്രദര്‍ശിപ്പിച്ചിരുന്നു. അമേരിക്കന്‍ മണ്ണില്‍ പോലും നേരിട്ട് ആക്രമിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ഉത്തരകൊറിയ വികസിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.