അംബ്ദേകര്‍ ദിനത്തില്‍ ജാതിമതില്‍ തകര്‍ത്തെറിഞ്ഞു ദളത് മുന്നേറ്റം; സഞ്ചാരസ്വാതന്ത്യം നിഷേധിച്ച് എന്‍എസ്എസ് കരയോഗം പുറമ്പോക്കില്‍ നിര്‍മ്മിച്ച മതില്‍ ദളിത് സമരമുന്നണി പ്രവര്‍ത്തകര്‍ പൊളിച്ചുമാറ്റി

single-img
15 April 2017

എറണാകുളം:കോലഞ്ചേരി പുത്തന്‍ കുരിശ് ഭജനമഠത്തില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട്് എന്‍എസ്എസ് കരയോഗം നിര്‍മ്മിച്ച മതില്‍ തകര്‍ത്തു. ദളിത് ഭൂ അവകാശ സമരമുന്നണി പ്രവര്‍ത്തകരാണ് പുറമ്പോക്കില്‍ നിര്‍മ്മിച്ച മതില്‍ പൊളിച്ചുനീക്കിയത്. തങ്ങള്‍ അവര്‍ണരായതുകൊണ്ട് അമ്പലം തീണ്ടാതിരിക്കാനായി നിര്‍മ്മിച്ച ജാതിമതിലായിരുന്നു ഇതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

ക്ഷേത്രത്തോട് ചേര്‍ന്നുള്ള റവന്യൂ പുറമ്പോക്ക് ഭൂമിയാണ് എന്‍എസ്എസ് കരയോഗം മതില്‍കെട്ടി കൈവശപ്പെടുത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം ക്ഷേത്രത്തില്‍ ദേശവിളക്ക് ആചരിക്കുന്നതുമായി ബന്ധപ്പെട്ട് സമീപത്തെ കോളനിയിലുള്ള ദളിതരുമായി തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്നാണ് പൊതു ആവശ്യത്തിനായി ഉപയോഗിച്ചിരുന്ന മൈതാനം കരയോഗം കയ്യേറി മതില്‍ നിര്‍മ്മിച്ചത്. പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം ഇതോടെ ഇല്ലാതാവുകയും ചെയ്തു.

മതില്‍ നിര്‍മ്മിച്ചതിനെതിരെ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ ഒരു മാസത്തിലേറെയായി സമരം നടക്കുകയായിരുന്നു.റവന്യൂ പുറമ്പോക്ക് ഭൂമി എന്‍എസ്എസ് കളളപ്പട്ടയത്തിലൂടെ കയ്യേറിയെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. ദളിത് ഭൂ അവകാശ സമരമുന്നണി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.