തകര്‍പ്പന്‍ പ്രകടനത്തിലൂടെ വീണ്ടും സെഞ്ച്വറി നേടി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ചരിത്രം കുറിച്ചു

single-img
26 January 2017

അഡ്‌ലെയ്ഡ് : തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ചരിത്രത്തിലിടം നേടി. പാകിസ്താനെതിരെ നടന്ന അവസാന ഏകദിനത്തില്‍ സെഞ്ച്വറി നേടിയാണ് വാര്‍ണര്‍ വീണ്ടും ചരിത്രത്തിലിടം നേടിയത്. ഇതോടെ ടെസ്റ്റിലും ഏകദിനത്തിലുമായി കഴിഞ്ഞ 10 മത്സരത്തിനിടെ ഏഴാം തവണയാണ് വാര്‍ണര്‍ സെഞ്ച്വറി നേട്ടം സ്വന്തമാക്കുന്നത്.

അഡ്‌ലെയ്ഡില്‍ നടന്ന അഞ്ചാം ഏകദിനത്തില്‍ 34 പന്തില്‍ അന്‍പത് തികച്ച താരം 79 പന്തിലാണ് സെഞ്ച്വറി സ്വന്തമാക്കിയത്. 11 ഫോറും രണ്ട് സിക്‌സും സഹിതമായിരുന്നു വാര്‍ണറുടെ വെടിക്കെട്ട് സെഞ്ച്വറി. എന്നാല്‍ ഡബിള്‍ സെഞ്ച്വറി അടിക്കാനുളള സുവര്‍ണാവസരം വാര്‍ണര്‍ പാഴാക്കി. ഓവറുകള്‍ അനവധി ബാക്കിയുണ്ടായിരിക്കെ 179 റണ്‍സുമായാണ് വാര്‍ണര്‍ മടങ്ങിയത്. തന്റെ 178 എന്ന ഉയര്‍ന്ന സ്‌കോര്‍ തിരുത്തുനായെന്ന് ആശ്വാസത്തോടെയാണ് വാര്‍ണറുടെ പുറത്താകല്‍.

മത്സരത്തിന്റെ 41 ാം ഓവറില്‍ ജുനൈദ് ഖാന്‍ പന്തില്‍ ബാബര്‍ അസം പിടിച്ചാണ് വാര്‍ണര്‍ പുറത്തായത്. 128 പന്തില്‍ 19 ഫോറും അഞ്ച് സിക്‌സുമാണ് വാര്‍ണര്‍ നേടിയത്. 79 പന്തിലായിരുന്നു വാര്‍ണറുടെ സെഞ്ച്വറി. ഒന്നാം വിക്കറ്റില്‍ ഹെഡുമായി ചേര്‍ന്ന് 284 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കാനും വാര്‍ണര്‍ക്ക് കഴിഞ്ഞു. വാര്‍ണറെ കൂടാതെ ഹെഡും സെഞ്ച്വറി നേടി. മത്സരത്തില്‍ 370 റണ്‍സ് വിജയലക്ഷ്യമാണ് പാകിസ്താന് ഓസ്‌ട്രേലിയ നല്‍കിയിരിക്കുന്നത്.

പാകിസ്താനെതിരെ നാലാം ഏകദിനത്തിലും വാര്‍ണര്‍ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. 130 റണ്‍സാണ് ഈ ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ അന്ന് നേടിയത് നേടിയത്. 119 പന്തുകള്‍ നേരിട്ട താരം 11 ഫോറും രണ്ട് സിക്‌സും സ്വന്തമാക്കുകയും ചെയ്തു. വാര്‍ണറുടെ സെഞ്ച്വറി മികവില്‍ ഓസ്‌ട്രേലിയ പാകിസ്താനെതിരെ മികച്ച ജയവും സ്വന്തമാക്കി.

ഓസ്‌ട്രേലിയക്കായി 92 ഏകദിനവും 60 ടെസ്റ്റും മാത്രം കളിച്ചിട്ടുളള വാര്‍ണര്‍ ഇതിനോടകം തന്നെ 12 ഏകദിന സെഞ്ച്വറിയും 18 ടെസ്റ്റ് സെഞ്ച്വറിയും സ്വന്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വാര്‍ണര്‍ സ്വന്തമാക്കുന്ന ഒന്‍പതാം സെഞ്ച്വറിയാണ് ഇത്.