വിജയകുതിപ്പുമായി കോഹ്ലി മുന്നോട്ട്, ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ കോഹ്ലി മൂന്നാം സ്ഥാനത്ത്

single-img
30 November 2016

virat-kohli_0102getty_750

ദില്ലി : ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ വിജയകുതിപ്പുമായി മുന്നോട്ട്. ഇംഗ്ലണ്ടിനെതിരെ മൊഹാലിയില്‍ നടന്ന മൂന്നാം ടെസ്റ്റിന് പിന്നാലെ ഐസിസി പുറത്തിറക്കിയ മികച്ച ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ കോഹ്ലി മൂന്നാം സ്ഥാനത്തേക്കാണ് ഉയര്‍ന്നത്. മൊഹാലി ടെസ്റ്റിന് മുമ്പ് നാലാം സ്ഥാനത്തായിരുന്നു കോഹ്ലി.

മൊഹാലിയില്‍ ആദ്യ ഇന്നിംഗ്സില്‍ 62ഉം രണ്ടാം ഇന്നിംഗ്സില്‍ പുറത്താകാതെ ആറു റണ്‍സും നേടിയ കോഹ്ലി 833 പോയിന്റോടെയാണ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്താണ് ഒന്നാമത്. ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് രണ്ടാം സ്ഥാനത്ത്. റൂട്ടിനേക്കാള്‍ 14 പോയിന്റ് മാത്രം പിന്നിലാണ് കോഹ്ലി. ട്വന്റി-20 യില്‍ ലോക ഒന്നാം നമ്പര്‍ താരമായ കോഹ്ലി ഏകദിനത്തില്‍ രണ്ടാം സ്ഥാനത്തുമാണ്.

ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സാണ് ഏകദിനറാങ്കിംഗില്‍ കോഹ്ലിയ്ക്ക് മുന്നിലുള്ളത്. കോഹ്ലിയെക്കൂടാതെ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയും ടെസ്റ്റ് കരിയറിലെ ബെസ്റ്റ് റാങ്കിംഗിലെത്തി. മൊഹാലി ടെസ്റ്റിലെ മാന്‍ഓഫ് ദ മാച്ച് പ്രകടനത്തോടെ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ജഡേജ നാലാം സ്ഥാനത്തെത്തി.

ഇന്ത്യന്‍ താരം അശ്വിനാണ് ഒന്നാം സ്ഥാനത്ത്. ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം മുഹമ്മദ് ഷാമിയും നില മെച്ചപ്പെടുത്തി. മൊഹാലി ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേടിയ ഷാമി, 21 ആം റാങ്കില്‍ നിന്നും 19 ആം റാങ്കിലേക്ക് ഉയര്‍ന്നു.