ഇന്നു ജയിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിന് പോയിന്റ് പട്ടികയില്‍ രണ്ടാമതെത്താം; ചെന്നൈയുമായുള്ള മത്സരം വൈകിട്ട് ഏഴിന്

single-img
12 November 2016

 

kerala-blasters-thumb

കൊച്ചി: ഐഎസ്എല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്‌സിയെ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടും. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മല്‍സരം. ഗോവയ്‌ക്കെതിരേ കഴിഞ്ഞ മത്സരത്തില്‍ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കൊമ്പന്മാര്‍.

ഒമ്പത് കളികളില്‍ നിന്ന് 12 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സിന് ഇന്നു ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താം. കഴിഞ്ഞ മല്‍സരത്തില്‍ ഗോവയ്‌ക്കെതിരെ 2-1നാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്. മത്സരത്തിന്റെ അവസാന മിനുട്ടിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോള്‍. മികച്ച കളി പുറത്തെടുക്കുമ്പോഴും മുന്നേറ്റനിരയുടെ മൂര്‍ച്ച ഇല്ലായ്മയാണ് കോച്ച് സ്റ്റീവ് കോപ്പല്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. ഈ നിലയില്‍ ടീമിന് മുന്നോട്ട് പോക്ക് പ്രയാസമാണെന്നും, എതിര്‍വല ചലിപ്പിക്കാന്‍ കൂടുതല്‍ ശ്രമിക്കണമെന്നും കോച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എഎഫ്‌സി കപ്പ് മല്‍സരത്തിന് ശേഷം സി കെ വിനീതും റിനോ ആന്റോയും തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ക്യാംപ്. സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ സി കെ വിനീതാണ് ഗോവയ്ക്കെതിരെ മഞ്ഞപ്പടയുടെ വിജയഗോള്‍ നേടിയത്. ഈ സീസണില്‍ ചെന്നൈയില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ മോശം പെരുമാറ്റത്തിനു ചെന്നൈയിന്‍ കോച്ച് മാര്‍ക്കോ മറ്റെരാസിക്കു സസ്‌പെന്‍ഷന്‍ നേരിടേണ്ടിയും വന്നിരുന്നു.

ചെന്നൈയിന്‍ എഫ്‌സിയാകട്ടെ ഡല്‍ഹിയോട് 4-1 ന് തോറ്റതിന്റെ നിരാശയിലാണ്. അതുകൊണ്ടുതന്നെ ഒരു തിരിച്ചുവരവ് നടത്തണമെങ്കില്‍ അവര്‍ക്കും ഇന്ന് ജയിച്ചേ മതിയാകൂ. എട്ടു കളികളില്‍ നിന്ന് 10 പോയിന്റാണ് ചെന്നൈയിന് ഉള്ളത്.