യുഎയില്‍ ചെറിയ കുറ്റങ്ങള്‍ക്ക് നല്‍കിയിരുന്ന ശിക്ഷ ഒഴിവാക്കി, പുതിയ ശിഷ നിയമം നിലവില്‍ വരാന്‍ പോകുന്നു.

single-img
25 October 2016

jail

അബുദാബി: യുഎഇയില്‍ ചെറിയ കുറ്റങ്ങള്‍ക്ക് തടവ് ശിക്ഷ ഒഴിവാക്കാനുള്ള നിയമം നടപ്പിലാക്കാനൊരുങ്ങുന്നു. സമൂഹ്യസേവന കാര്യങ്ങളിലേര്‍പ്പെട്ടാലാകും ജയില്‍ ശിക്ഷ ഒഴിവാക്കി നല്‍കുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്യാന്‍ കഴിഞ്ഞമാസം
ശിക്ഷകളെക്കുറിച്ചുള്ള പുതിയ നിയമത്തിന് അംഗീകാരം നല്‍കി.

തെരുവോ സ്‌കൂളുകളോ വൃത്തിയാക്കുക, സമാനമായ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക ഉള്‍പ്പെടെയുള്ള കാര്യങ്ങളാകും തടവു ശിക്ഷ ഒഴിവാക്കി നല്‍കാനുള്ള മാനദണ്ഡങ്ങള്‍. ആഭ്യന്തര- എമറാത്തി- മാനവവിഭവശേഷി മന്ത്രാലയങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നീതിനിര്‍വഹണവകുപ്പായിരിക്കും സമൂഹ്യസേവനമെന്തെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്.

നിയമം അടുത്ത മാസം മുതല്‍ നിലവില്‍ വരും. ആറ് മാസം തടവും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ പുതിയ നിയമത്തിലൂടെ മൂന്ന് മാസത്തെ സാമൂഹ്യസേവനത്തിലൂടെ ഒഴിവാക്കാനാകും. കുറ്റം ചെയ്തവരുടെ ഈ നിര്‍ബന്ധിത പ്രവര്‍ത്തി പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ നിരീക്ഷിക്കും. പ്രവര്‍ത്തി തൃപ്തികരമല്ലെന്ന് പ്രോസിക്യൂട്ടര്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍, കോടതി കുറ്റക്കാരെ തടവ് ശിക്ഷയ്ക്ക് തന്നെ വിധിക്കുമെന്നും നിയമം വ്യക്തമാക്കുന്നു. 2009ല്‍ സമാനമായ രീതിയില്‍ 20 ഓളം കുറ്റങ്ങള്‍ക്ക് ഈ രീതി നടപ്പിലാക്കാന്‍ ക്യാബിനറ്റ് തീരുമാനിച്ചിരുന്നു. 20 മുതല്‍ 240 മണിക്കൂര്‍ വരെയുള്ള സാമൂഹ്യസേവനമാണ് അന്ന് നിശ്ചയിച്ചിരുന്നത്. അതാണ് വിപുലീകരിക്കാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

നിയമം നടപ്പിലാകുന്നതോടെ, പുതിയ ചരിത്രമാകും യുഎഇ സൃഷ്ടിക്കുന്നത്. ഇത്തരത്തിലുള്ള നിയമം നിലവിലുള്ള ആദ്യ അറബ് രാജ്യമായും യുഎഇ മാറും. സമൂഹത്തിന്റെ ക്രിമിനല്‍ വത്കരണം ഒഴിവാക്കാന്‍ തീരുമാനം സഹായകരമാകുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. പലരും ജയിലില്‍ പോയാല്‍ തിരികെ, സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകാത്തവരാണ്. അവര്‍ സ്ഥിരം കുറ്റവാളിയായി ആകും പലപ്പോളും ജയിലില്‍ നിന്ന് തിരിച്ചുവരുന്നത്. ഈ സ്ഥിതിക്കാണ് മാറ്റമുണ്ടാകുകയെന്നും ഇവര്‍ പറയുന്നു.