ഇത് സന്തോഷ്, ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സൂപ്പര്‍ റഫറി; കോട്ടയം സ്റ്റാന്‍ഡില്‍ ഓട്ടോ ഡ്രൈവര്‍

single-img
22 October 2016

 

santhosh-auto-raffery
കോട്ടയം നാഗമ്പടം പട്ടണത്തില്‍ കെഎല്‍-5 എബി 3644 തൃകാര്‍ത്തിക എന്ന ഓട്ടോറിക്ഷയില്‍ പുഞ്ചിരിയുമായ് നില്‍ക്കുന്ന സന്തോഷ് കുമാറിനെ അറിയുമോ? ജീവിതത്തിന്റെ കഷ്ടപ്പാടുകള്‍ക്ക് റെഡ് കാര്‍ഡ് നല്‍കി സന്തോഷിന്റെ ജീവിത വണ്ടി ഉരുളുമ്പോള്‍ മൈതാനത്തു നില്‍ക്കുന്നവരെ ഒരു വിരലാംഗ്യത്താല്‍ അടക്കി നിര്‍ത്തി ഒരു വിസില്‍ കൊണ്ട് ശാന്തരാക്കും. സന്തോഷ് കുമാര്‍ എന്ന സാധാരണക്കാരനായ ഒരു മനുഷ്യന്‍ ലോക പ്രശസ്ത ഫിഫ റഫറിയായത് ഒറ്റയാള്‍ പോരാട്ടത്തിലൂടെ മാത്രമാണ്.

കാല്‍പന്തുകളിയുടെ ആരവങ്ങളെ ജീവിതതാളമായി സ്നേഹിച്ച ഈ മനുഷ്യനെ ലോകം അറിഞ്ഞത് വാര്‍ത്തകളിലൂടെയാണ്. പക്ഷെ കോട്ടയം സ്വദേശി സന്തോഷ് കുമാര്‍ എന്ന റഫറിക്ക് അടുക്കള പുകയണമെങ്കില്‍ ഓട്ടോയോടിക്കണം. കാല്‍പന്തിന്റെ പെരുങ്കളിയാട്ടത്തിലേക്ക് ലോകം ഉണരുമ്പോഴും റഫറിയുടെ ജീവിതത്തിന് നിറം വന്നിട്ടില്ല. കോട്ടയം നാഗമ്പടം സ്വദേശി മുരിങ്ങത്ത് മാലി വീട്ടില്‍ സന്തോഷ് കുമാര്‍ എന്ന മനുഷ്യന്‍ കാല്‍പന്തുകളിയെ ജീവനു തുല്യം സ്നേഹിച്ചിരുന്നു.

നാഗ്ജി കളത്തില്‍ കളി നിയന്ത്രിച്ചത് കേരളത്തിന്റെ ഫുട്ബാള്‍ അഭിമാനങ്ങളില്‍ പ്രമുഖ സ്ഥാനമുള്ള റഫറി എം.ബി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലൂടെ ഇന്ത്യന്‍ കാണികള്‍ക്ക് സുപരിചിതനായ കോട്ടയം സ്വദേശി സന്തോഷ് കുമാര്‍ ഫിഫ അക്രഡിറ്റേഷനുള്ള നിലവിലെ ഏക മലയാളി റഫറിയാണ്. ഇന്ത്യന്‍ ഫുട്‌ബോളിനു രാജ്യാന്തര മത്സരങ്ങളില്‍ കുതിപ്പുകള്‍ വളരെ അപൂര്‍വമാണെങ്കിലും നിരവധി രാജ്യാന്തര ഫു്ടബോള്‍ മത്സരങ്ങളിലാണ് ഈ മലയാളി കളി നിയന്ത്രിച്ചിട്ടുള്ളത്.

ജിവി രാജാ ഫുട്‌ബോള്‍ ടൂര്‍ണമമെന്റില്‍ മുഖ്യറഫറിയായി തിരുവനന്തപുരത്തേക്ക് എത്തുന്നതിന്റെ തലേന്നു രാത്രിയും ഓട്ടോറിക്ഷ ഓടിച്ച് ലഭിച്ച വരുമാനവുമായാണ് സന്തോഷ് തിരുവനന്തപുരത്തേക്കു ട്രെയിന്‍ കയറിയത്. കാല്‍പന്തുകളിയുടെ ആരവങ്ങള്‍ക്കിടയിലും സന്തോഷിന്റെ മുഖത്ത് കുടുംബത്തെക്കുറിച്ചുള്ള ഓര്‍മകള്‍ വരും. ആ കുടുംബം പുലരണമെങ്കില്‍ കോട്ടയം പട്ടണത്തില്‍ ഓട്ടോയോടിക്കണം. കാല്‍പ്പന്തുകളിയെ ഏറെ സ്‌നേഹിച്ച കോട്ടയത്തുനിന്നുള്ള സന്തോഷ്‌കുമാറിന്റെ ഫുട്‌ബോള്‍ കമ്പത്തിനു തുടക്കം വീടിനു സമീപത്തെ എസ്എച്ച് ഗ്രൗണ്ടാണ്. അവിടെനിന്നു ബസേലിയോസ് കോളജ് ഗ്രൗണ്ടില്‍ പന്തുതട്ടിയാണു പരിശീലനം മെച്ചപ്പെടുത്തിയത്. ബസേലിയസ് കോളജ് ടീമില്‍നിന്നുള്ള തുടക്കം എംജി സര്‍വകലാശാലാ ടീമില്‍ വരെ സന്തോഷിനെ എത്തിച്ചു. 1996-ല്‍ കളിക്കളത്തില്‍ നിന്നു പരിശീലക കളത്തിലേക്ക്. വൈകുന്നേരങ്ങളില്‍ ഓട്ടോറിക്ഷാ ഡ്രൈവിംഗിനിടയിലും സമയം കണ്ടെത്തി കോട്ടയം നാഗമ്പടം മൈതാനത്തു പരിശീലനത്തിനുമെത്തുമായിരുന്നു. ദേശീയ റഫറി പാനലിലേക്കു സെലക്ഷന്‍ ലഭിച്ചതോടെ പ്രാദേശിക, ദേശീയ ടൂര്‍ണമെന്റുകളിലെല്ലാം റഫറിയായി. 2009-ല്‍ ഫിഫയുടെ റഫറി ടെസ്റ്റ് പാസായതോടെ സന്തോഷ്‌കുമാറെന്ന കോട്ടയംകാരന്‍ ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളിലെ റഫറിയായി രംഗപ്രവേശം ചെയ്തു. തുടര്‍ന്നു ഡല്‍ഹിയില്‍ നടന്ന നെഹ്‌റു കപ്പിലും സാഫ് കപ്പിലും റഫറിയായി കളി നിയന്ത്രിച്ചു. ചൈനയില്‍ നടന്ന ചൈനീസ് നാഷണല്‍ ഗെയിംസിലും സന്തോഷ് തന്നെയായിരുന്നു കളി നിയന്ത്രിച്ചത്. ഇന്ത്യയില്‍ സൗഹൃദ മത്സരത്തിനെത്തിയ ലോകോത്തര ക്ലബ് ടീമായ ബയേണ്‍ മ്യൂണിക്കുമായുള്ള മത്സരത്തിലും സന്തോഷ് കുമാര്‍ റഫറിയുടെ കുപ്പായമണിഞ്ഞു.

അന്താരാഷ്ട്രതലത്തില്‍ മല്‍സരങ്ങള്‍ നിയന്ത്രിക്കാന്‍ പോകുമ്പോള്‍ സന്തോഷിന്റെ മുഖത്ത് പുഞ്ചിരിയായിരിക്കും, കാരണം താന്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ചത് കാല്‍പന്തുകളിയെയാണ്. സ്വന്തം നാട്ടിലെ ചെറിയ കളികള്‍ക്ക് പോലും സന്തോഷ് സജീവമായി പങ്കെടുക്കാറുണ്ട്. പകല്‍സമയങ്ങളില്‍ പ്രാദേശിക കളി നിയന്ത്രിക്കാന്‍ പോയാലും രാത്രിയാകുമ്പോള്‍ കോട്ടയത്തെത്തി തന്റെ ഓട്ടോറിക്ഷയുമായി നാഗമ്പടത്തെത്തും. അതുവരെ അണിഞ്ഞിരുന്ന ഫിഫ റഫറിയുടെ കുപ്പായം തത്കാലം മാറ്റിവച്ച് ഓട്ടോ ഡ്രൈവറുടെ കാക്കിക്കുപ്പായം അണിയും. യാത്രക്കാര്‍ക്കറിയില്ലല്ലോ തങ്ങളെയുംകൊണ്ട് ഓട്ടോയില്‍ പായുന്നത് ഒരു ഇന്റര്‍നാഷണല്‍ റഫറിയാണെന്ന്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മണ്ഡലമായ കോട്ടയം ഉള്‍പ്പെടുന്ന നാഗമ്പടത്താണ് സന്തോഷിന്റെ താമസവും. കാല്‍പ്പന്തുകളിയെ ഏറെ സ്‌നേഹിച്ചിട്ടുള്ള കായികകേരളത്തില്‍ നിന്നുള്ള ഈ ഫിഫാ റഫറി ആഗ്രഹിക്കുന്നത് സര്‍ക്കാരിന്റെ കനിവില്‍ ഒരു ചെറിയ ജോലി മാത്രം. ഇന്ത്യന്‍ ഫുട്ബോളില്‍ ദേശീയ മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ പോകുമ്പോള്‍ ലഭിക്കുന്നത് വളരെ തുച്ഛമായ വരുമാനം മാത്രമാണ്. ഇനിയെങ്കിലും ഈ പ്രതിഭയെ അധികാരികള്‍ ശ്രദ്ധിക്കണം. കുന്നോളം സ്വപ്നങ്ങളൊന്നുമില്ല. ഒരു ജോലി അതു മാത്രം. അധികാരത്തിലിരിക്കുന്നവര്‍ യോഗ്യതയില്ലാത്ത ബന്ധുക്കളെയും മറ്റും ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കുമ്പോള്‍ നാടിന് അഭിമാനമായി മാറിയ ഈ ചെറുപ്പക്കാരന്റെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയെങ്കിലും നല്‍കാന്‍ തയ്യാറാകണം.

അമ്മയും ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുബത്തിന്റെ ജീവിത യാത്രയ്ക്ക് ഓട്ടോ സവാരി തന്നെ വേണം എന്ന് അയാള്‍ തിരിച്ചറിയുന്നുണ്ട്. ഈ മനുഷ്യന്റെ നേട്ടങ്ങള്‍ക്കും കഴിവിനും അര്‍ഹിക്കുന്ന പരിഗണന നമ്മുടെ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. തീക്കനലിന്റെ അനുഭവങ്ങള്‍ ഒളിപ്പിച്ചു സന്തോഷ് കുമാര്‍ നാഗമ്പടം പാലത്തിനു സമീപമുള്ള ഓട്ടോ സ്റ്റാന്‍ഡില്‍ ‘തൃക്കാര്‍ത്തിക’യുമായി നില്‍ക്കുമ്പോള്‍ വഴിയേ പോകുന്ന സഞ്ചാരികള്‍ ഒന്നു തിരിഞ്ഞ് നോക്കും കാലമൊളിപ്പുവെച്ച ഈ മഹാപ്രതിഭയെ.