ഇന്‍ഡോര്‍ ടെസ്റ്റ്: ഇന്ത്യയ്ക്ക് ചരിത്ര ജയം; പരമ്പര തൂത്തുവാരി

single-img
11 October 2016
മൂന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ വിജയമാഘോഷിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും സ്പിന്നര്‍ ആര്‍ അശ്വിനും

മൂന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ വിജയമാഘോഷിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും സ്പിന്നര്‍ ആര്‍ അശ്വിനും

ന്യൂസിലാന്‍ഡിനെതിരെ ഇന്‍ഡോറില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യ തൂത്തുവാരി. 321 റണ്‍സിനാണ് ഇന്ത്യ ന്യൂസിലാന്‍ഡിനെ തകര്‍ത്തത്. ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ ടെസ്റ്റ് ക്രിക്കറ്റ് വിജയമാണ് ഇത്. 2015 ഡിസംബര്‍ 3ന് ഡല്‍ഹിയില്‍ നടന്ന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ 337 റണ്‍സിന് തോല്‍പ്പിച്ചതാണ് ഏറ്റവും വലിയ ജയം. സ്‌കോര്‍ ഇന്ത്യ: ഒന്നാം ഇ്ന്നിംഗ്‌സ്- 557/5 ഡിക്ലയേര്‍ഡ്, രണ്ടാം ഇന്നിംഗ്‌സ്- 216/3 ഡിക്ലയേര്‍ഡ്. ന്യൂസിലാന്‍ഡ്: ഒന്നാം ഇന്നിംഗ്‌സ്- 299, രണ്ടാം ഇന്നിംഗ്‌സ്- 153.

ഈ വിജയത്തോടെ ന്യൂസിലാന്‍ഡ് സന്ദര്‍ശനത്തിലെ മൂന്ന് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ വിജയിച്ചു. രണ്ടാം ടെസ്റ്റ് വിജയിച്ച് പാകിസ്ഥാനെ പിന്തള്ളി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തിയ ഇന്ത്യ ഈ മത്സരവും ജയിച്ചതോടെ പോയിന്റ് നിലയില്‍ ഏറെ മുന്നിലെത്തുകയും ചെയ്തു. ഇനി ഏറെ കാലം ഇന്ത്യയ്ക്ക് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരാനാകുമെന്ന് ഉറപ്പായി.

രണ്ടാ ഇന്നിംഗ്‌സിലും സ്പിന്നിലെ മാന്ത്രികത തുടര്‍ന്ന ആര്‍ അശ്വിന്റെ ബൗളിംഗാണ് ഇന്ത്യയ്ക്ക് വിജയം അനായാസമാക്കിയത്. ആദ്യ ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റ് വീഴ്ത്തി. ഒരു ഘട്ടത്തില്‍ കളി അഞ്ചാം ദിവസത്തേക്ക് എന്ന് കരുതിയപ്പോഴാണ് ഇന്നത്തെ മത്സരം അവസാനിക്കാന്‍ ഒരു പന്ത് മാത്രം ശേഷിക്കെ അശ്വിന്‍ അവസാന വിക്കറ്റും തന്റെ പേരിലാക്കിയത്. ചേതേശ്വര്‍ പൂജാരയുടെ(101നോട്ടൗട്ട്) സെഞ്ചുറിയും ഗൗതം ഗംഭീറിന്റെ(50) അര്‍ദ്ധ സെഞ്ചുറിയുമാണ് കിവീസിന് വീണ്ടും അഞ്ഞൂറ് റണ്‍സിനരികെ വിജയലക്ഷ്യം നല്‍കാന്‍ ഇന്ത്യയെ സഹായിച്ചത്.

വിക്കറ്റ് നഷ്ടപ്പെടാതെ 18 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ നാലാം ദിവസം ബാറ്റിംഗ് ആരംഭിച്ചത്. ഇന്നലെ എന്നാല്‍ ടീം സ്‌കോര്‍ 11ലും ഇന്ന് ടീം സ്‌കോര്‍ 34ലും നില്‍ക്കുമ്പോള്‍ ഗൗതം ഗംഭീറിന് പരിക്കേറ്റ് പുറത്തു പോകേണ്ടി വന്നിരുന്നു. പിന്നീട് മടങ്ങിയെത്തിയ ഗംഭീര്‍ പൂജാരയ്ക്ക് മികച്ച കൂട്ടുകെട്ടാണ് നല്‍കിയത്. മുരളി വിജയും(19) വിരാട് കോഹ്ലിയും(17) പുറത്തായ ശേഷമായിരുന്നു ഗംഭീര്‍ കളിക്കളത്തില്‍ തിരിച്ചെത്തിയത്. പിന്നീട് പൂജാര പുറത്തായ ശേഷം നാലാം വിക്കറ്റില്‍ ആദ്യ ഇന്നിംഗ്‌സിലെ സെഞ്ചുറി വേട്ടക്കാരന്‍ രഹാന(23) പൂജാരയ്ക്ക് പിന്തുണ നല്‍കി. ഒടുവില്‍ പൂജാര സെഞ്ചുറിയതോടെ ക്യാപ്റ്റന്‍ കോഹ്ലി ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുന്നതായി പ്രഖ്യാപിച്ചു.

ബാറ്റ്‌സ്മാന്മാര്‍ നിര്‍ത്തി വച്ചിടത്തു നിന്നും ബൗളര്‍മാര്‍ തുടങ്ങുന്നതാണ് പിന്നീട് കണ്ടത്. കേവലം 44.5 ഓവറില്‍ കിവീസിന്റെ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനെ ഇന്ത്യ ചുരുട്ടിക്കെട്ടി. റോസ് ടെയ്‌ലര്‍ക്ക് (32) മാത്രമാണ് കിവീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞത്. മാര്‍ട്ടിന്‍ ഗുപ്തില്‍(29), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍(27) ബിജെ വാള്‍ട്ടിംഗ്(23 നോട്ടൗട്ട്) എന്നിവര്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും കിവീസ് നിരയെ തോല്‍വി ഒഴിവാക്കാന്‍ പോലും സഹായിക്കുമായിരുന്നില്ല.

ഇന്ത്യയ്ക്ക് വേണ്ടി അശ്വിനെ കൂടാതെ രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും ഉമേഷ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. അശ്വിന്‍ ടെസ്റ്റില്‍ പത്ത് വിക്കറ്റ് നേട്ടം കൊയ്യുന്നത്. ഇത് ആറാം തവണയാണ് അശ്വിന്‍ ടെസ്റ്റില്‍ ഈ നേട്ടം കൈവരിക്കുന്നത്. അതേസമയം അശ്വിനെ കടന്നാക്രമിക്കാനായിരുന്നു കിവീസ് ബാറ്റ്‌സ്മാന്മാരുടെ തീരുമാനം. 13.5 ഓവര്‍ എറിഞ്ഞപ്പോള്‍ 4.26 ഓവര്‍നിരക്കില്‍ 59 റണ്‍സാണ് അശ്വിന്‍ വിട്ടുകൊടുത്തത്. ഇതില്‍ എട്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നു. ഒരുപക്ഷെ ഈ കടന്നാക്രമണം തന്നെയാണ് അശ്വിനെ രണ്ടാം ഇന്നിംഗ്‌സില്‍ കൂടുതല്‍ അപകടകാരിയാക്കിയതും. അശ്വിന്‍ തന്നെയാണ് കളിയിലെ കേമനും.