ടോണ്‍സിലൈറ്റിസ് അറിയാം പ്രതിരോധിക്കാം; കരുതലോടെ…

single-img
8 October 2016

766x415_why_are_there_white_spots_on_my_tonsils

മനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനത്തിലെ സുപ്രധാന കണ്ണികളാണ് ടോണ്‍സിലകുള്‍. തൊണ്ടയില്‍ നാവിന്‍െറ ഉദ്ഭവസ്ഥാനത്ത് അണ്ണാക്കിന്‍െറ ഇരുവശങ്ങളിലുമായാണ് ഇവ സ്ഥിതിചെയ്യുക. ശ്വാസനാളം, അന്നനാളം, വായു, ഭക്ഷണം എന്നിവയിലൂടെയെല്ലാം എത്തിപ്പെടുന്ന അണുക്കളിൽ നിന്നും ശരീരത്തിന് ആദ്യം സംരക്ഷണം നൽകുന്നത് ടോണ്‍സിലുകളാണ്.

സാധാരണഗതിയില്‍ ടോണ്‍സിലുകള്‍ രോഗാണുക്കളെ തടഞ്ഞുനിര്‍ത്തി അവയെ നശിപ്പിച്ചോ നിര്‍വീര്യമാക്കിയോ ആണ് ആരോഗ്യം സംരക്ഷിക്കുക. എന്നാല്‍ ചിലപ്പോള്‍ ഈ പ്രതിരോധ നടപടികളുടെ താളം തെറ്റാറുണ്ട്. ശക്തമായ അണുബാധ മൂലവും, ശരീരത്തിന്‍െറ പ്രതിരോധശക്തി കുറയുമ്പോഴും ടോണ്‍സില്‍ ഗ്രന്ഥിയില്‍ ഉണ്ടാകുന്ന അണുബാധ ആണ് ടോണ്‍സിലൈറ്റിസ്. വൈറസുകളും ബാക്ടീരിയകളും ടോണ്‍സിലൈറ്റിസിന് കാരണമാകാറുണ്ട്. ശരീരത്തിന്റെ അകത്തും പുറത്തും രോഗാണുക്കളുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുമ്പോള്‍ രോഗം എളുപ്പം പിടിപെടും. നല്ല ചൂടുള്ള കാലാവസ്ഥയില്‍ തണുത്ത വെള്ളം, തണുത്ത ഭക്ഷണം ഇവ കഴിക്കുമ്പോള്‍ തൊണ്ടയിലെ താപനിലയില്‍ താല്‍ക്കാലികമായ കുറവുണ്ടാക്കി ടോണ്‍സിലൈറ്റിസ് ബാധിക്കാം. അതുപോലെ മഞ്ഞ് കൊള്ളുക, മഴ നയുക, തുടര്‍ച്ചയായുള്ള എസിയുടെ ഉപയോഗം ഇവയും ചിലരില്‍ ടോണ്‍സിലൈറ്റിസിന് ഇടയാക്കാറുണ്ട്.ടോണ്‍സിലൈറ്റിസ് പെട്ടെന്ന് ഉണ്ടാവുകയോ നീണ്ടുനില്‍ക്കുന്ന അണുബാധയുടെ ഫലമായോ ഉണ്ടാകാം. അണുക്കള്‍ ടോണ്‍സില്‍ ഗ്രന്ഥിയുടെ ഉപരിതലത്തില്‍ അടിഞ്ഞുകൂടിയാണ് അണുബാധ ഉണ്ടാവുക.

ടോണ്‍സിലൈറ്റിസ് മുതിര്‍ന്നവരെയും കുട്ടികളെയും ബാധിക്കാറുണ്ടെങ്കിലും കുട്ടികളിലാണ് ധാരാളമായി കാണുക. സാധാരണഗതിയില്‍ ശ്രദ്ധയില്‍പ്പെടാതെയിരിക്കുന്ന ടോണ്‍സിലുകള്‍ അണുബാധ ഉണ്ടാകുന്നതോടെ തടിച്ച് ചുവന്ന് വലുതാകും.ആവർത്തിച്ചുവരുന്ന ടോൺസിലൈറ്റിസും ഫലപ്രദമായി ചികിത്സിക്കാത്ത ടോൺസിലൈറ്റിസും ശരീരത്തിൽ നിരവധി രോഗാവസ്ഥകൾ ഉണ്ടാക്കും. ഹൃദയവാൽവിനും കിഡ്നിയുടെ പ്രവർത്തനത്തിനും ഇതുമൂലം തകരാറുണ്ടാകും. കൂടാതെ, ശരിയായ ചികിത്സ ലഭിക്കാത്തപക്ഷം ടോൺസിലുകൾക്കുള്ളിൽ രോഗാണുക്കൾ സ്ഥിരമായി വളരുകയും ടോൺസിലുകൾ രോഗാണുക്കൾക്കു താവളമാവുകയും ചെയ്യുമ്പോൾ ഈ രോഗാണുക്കൾ മറ്റു ശരീരഭാഗങ്ങളിൽ കൂടി അണുബാധയുണ്ടാക്കുന്നു. സൈനസുകളിൽ (സൈനസൈറ്റിസ്), മധ്യകർണത്തിൽ (ഓട്ടൈറ്റിസ് മീഡിയ) ശ്വാസകോശത്തിൽ (ന്യൂമോണിയ) കഴുത്തിലെ ലസികഗ്രന്ഥിയിൽ (ലിംഫഡിനൈറ്റിസ്)എന്നിങ്ങനെ പല ഭാഗത്തും പ്രശ്നങ്ങൾ സൃഷ്ടിക്കാം.

തുടർച്ചയായി ഉണ്ടാകുന്ന ടോൺസിലൈറ്റിസ് പലപ്പോഴും മരുന്നുകൊണ്ടുള്ള ചികിത്സയ്ക്കു പ്രതികരിക്കാറില്ല. ഈ സാഹചര്യത്തിൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. ഒരു വർഷം ആറിൽപരം അവസരങ്ങളിൽ ടോൺസിലൈറ്റിസ് ഉണ്ടാകുകയും അങ്ങനെ രണ്ടിലധികം വർഷങ്ങളിൽ തുടർച്ചയായിട്ട് ഈ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്താൽ നിശ്ചിതമായും ശസ്ത്രക്രിയയിലൂടെ ടോൺസിലുകൾ നീക്കം ചെയ്യണം.

ആവർത്തിച്ചുള്ള ടോൺസിലൈറ്റിസ് മൂലം ഹൃദയത്തിന്റെ വാൽവിനെയോ, വൃക്കകളെയോ ബാധിക്കുന്ന പക്ഷം ഇത്രയും കാലം കാത്തു നിൽക്കണമെന്നില്ല. അതുപോലെ തന്നെ, ടോൺസിലുകളും അഡിനോയ്ഡും ക്രമാതീതമായി വളർന്നു ഭക്ഷണം ഇറക്കാനും ശ്വസിക്കാനും ബുദ്ധിമുട്ടുണ്ടാകുകയും സുഖനിദ്രയ്ക്ക് വിഘാതമാകുകയും ചെയ്താൽ ഇവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാം.മാത്രമല്ല, തടസം ഉണ്ടാക്കുന്ന രീതിയിൽ വളരുന്ന ടോൺസിൽ നീക്കം ചെയ്യുമ്പോൾ സുഖനിദ്രയ്ക്കു വിഘാതമാകുന്ന ഹൃദയത്തിനും ശ്വാസകോശങ്ങൾക്കും ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒബ്സ്ട്രക്ടീവ് സ്ലീപ് അപനിയ എന്ന അവസ്ഥയ്ക്കും നല്ല ആശ്വാസം ലഭിക്കുന്നു.

ഒരിക്കൽ ടോൺസിലൈറ്റിസിനു ശസ്ത്രക്രിയ ചെയ്തയാൾക്കു വീണ്ടും ടോൺസിലൈറ്റിസ് വരാനുള്ള സാധ്യത ഇല്ല. ടോൺസിലുകള്‍ നീക്കം ചെയ്താൽ അതു നമ്മുടെ രോഗപ്രതിരോധശക്തിയിൽ കുറവുണ്ടാക്കുമെന്നൊരു തെറ്റിദ്ധാരണ പലരിലും ഉണ്ട്. നമുക്കു പാലറ്റെൻ ടോൺസിൽ കൂടാതെ, രോഗപ്രതിരോധശേഷിക്ക് അനിവാര്യമായ ലിംഗ്വൽ ടോൺസിൽ, ട്യൂബൽ ടോൺസിൽ എന്നിങ്ങനെയുള്ള അവയവങ്ങളും ഉണ്ട്.ടോൺസിലിന്റെ അഭാവത്തിൽ ഈ അവയവങ്ങൾ ഈ ധർമം ഏറ്റെടുത്തു നടത്തുന്നു. അണുക്കളുടെ താവളമായ ടോൺസിൽ നീക്കം ചെയ്യുന്നതു കൊണ്ടു യാതൊരു ദോഷവും ഇല്ല.

രണ്ടു മുതൽ എട്ടു വയസ് വരെയുള്ള കുട്ടികളുടെ മൂക്കിനു പിന്നിൽ കാണുന്ന ടോൺസിലാണ് അഡിനോയ്ഡ്. ചില കുട്ടികളിൽ ഇതു ക്രമാതീതമായി വളർന്നു വിട്ടുമാറാത്ത ജലദോഷം, മൂക്കടപ്പ്, കൂർക്കംവലി, വായ തുറന്നു ശ്വാസം വലിക്കൽ, സുഖമായി ഉറങ്ങുവാനുള്ള ബുദ്ധിമുട്ട് എന്നീ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം.കൂടാതെ, ചെവിയും തൊണ്ടയും തമ്മിൽ ബന്ധിപ്പിക്കുന്ന യൂസ്റ്റേഷ്യൻട്യൂബിൽ തടസം സൃഷ്ടിച്ചു മധ്യകർണത്തിൽ നീർക്കെട്ടും പഴുപ്പിനും കേഴ്വിക്കുറവിനും കാരണമായേക്കാം കൂടാതെ സ്ഥിരമായി വാ തുറന്ന്‍ ശ്വാസം എടുക്കുന്നത് മുഖത്തിന്റെ രൂപീകരണത്തെ ദോഷകരമായി ബാധിക്കുന്നു. ഈ അവസരങ്ങളിൽ ശസ്ത്രക്രിയയിലൂടെ അഡിനോയ്ഡ് നീക്കം ചെയ്യുന്നത് അനിവാര്യമായി വന്നേക്കാം.

എല്ലാ തൊണ്ടവേദനയും ടോൺസിലൈറ്റിസ് അല്ല,ടോൺസിലും ടോൺസിലിനു ചുറ്റുമുള്ള ഭാഗങ്ങളും ഫാരിങ്സ് എന്നാണ് അറിയപ്പെടുന്നത്. ഈ ഭാഗം മുഴുവൻ ബാധിക്കുന്ന രീതിയിലുള്ള നീർവീക്കത്തെ ഫാരിഞ്ജൈറ്റിസ് എന്നു പറയുന്നു. എന്നാൽ, ടോൺസിലിൽ മാത്രം ഒതുങ്ങി, ഫാരിങ്സിന്റെ മറ്റു ഭാഗങ്ങളെ ബാധിക്കാത്ത തരത്തിലുള്ള നീർവീക്കമാണു ടോൺസിലൈറ്റിസ്.
പല ഗുരുതരമായ രോഗങ്ങളും തൊണ്ടവേദനയായി പ്രത്യക്ഷപ്പെടാം. രണ്ടു മുതൽ അഞ്ചു വയസുവരെയുള്ള കുട്ടികളിൽ ശക്തിയായ പനി, ക്ഷീണം, തൊണ്ടവേദന എന്നിവയ്ക്കു പുറമെ കഴുത്തിലും മുഴകൾ പ്രത്യക്ഷപ്പെടുമ്പോൾ—ഇത് ഒരുപക്ഷേ, ഡിഫ്തീരിയ ആകാം. ഉടനടി ചികിത്സിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന രോഗമാണിത്. ഈ രോഗം പ്രതിരോധകുത്തിവയ്പിലൂടെ തടയാം.

സാധാരണ ടോൺസിലൈറ്റിസിൽ തൊണ്ടയ്ക്കിരുവശത്തും വേദനയുണ്ടാകും.എന്നാൽ, ഒരു ഭാഗത്തു മാത്രം ഉണ്ടാകുന്ന തൊണ്ടവേദനയെ ഗൗരവത്തോടെ കാണണം. 50 വയസിനു മുകളിലുള്ള രോഗിയാണെങ്കിൽ തൊണ്ടയ്ക്കുള്ളിലെ അർബുദരോഗമാണോ എന്ന് അറിയുവാനുള്ള വിദഗ്ധ പരിശോധനകൾ ചെയ്യണം.മാത്രമല്ല രക്താർബുദം, എഗ്രാനുലോസൈറ്റോസിസ് എന്നീ രോഗങ്ങളും ആവർത്തിച്ചുള്ള ടോൺസിലൈറ്റിസായി പ്രത്യക്ഷപ്പെടാം.

തടയാനുള്ള വഴികൾ അറിയാം

  • വ്യക്തിശുചിത്വം പാലിക്കുക.
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഒരു ടവ്വലുപയോഗിച്ചു വായും മൂക്കും മൂടുക.
  • ഒരു വ്യക്തി ഉപയോഗിക്കുന്ന സോപ്പ്, ചീപ്പ്, ടവ്വൽ എന്നിവ മറ്റാരും ഉപയോഗിക്കാതിരിക്കുക.
  • കിടപ്പു മുറികളിൽ നല്ല വായു സഞ്ചാരം ഉറപ്പാക്കുക.
  • വിറ്റമിൻ സി അടങ്ങിയ പോഷകാഹാരങ്ങൾ കഴിക്കുക.
  • മദ്യപാനം, പുകവലി എന്നിവ ഉപേക്ഷിക്കുക
  • ടോൺസിലൈറ്റിസ് കൂടെക്കൂടെ ഉണ്ടാകുന്ന വ്യക്തികൾ തണുത്തവെള്ളം, ശീതളപാനീയങ്ങൾ, ഐസ്ക്രീം എന്നിവ ഉപേക്ഷിക്കുക.
  • എന്തെങ്കിലും ഭക്ഷണപദാർത്ഥം സ്ഥിരമായി അണുബാധയ്ക്കു കാരണമാകുന്നുവെന്നു സംശയിച്ചാൽ അത് ഒഴിവാക്കണം.
  • കുട്ടികൾക്ക് എല്ലാവിധ രോഗപ്രതിരോധകുത്തിവയ്പുകളും നൽകുക.
  • ചുരുങ്ങിയത് ഒരു വയസുവരെയെങ്കിലും മുലപ്പാൽ നൽകി കുട്ടികളുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനു ശ്രദ്ധിക്കണം.
  • രോഗത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ചികിത്സിക്കുക.

 

unnamedലേഖിക : ഡോ : അരുണ ദാസ് , കൺസൾട്ടന്റ് ഇ.എൻ ടി സർജൻ, എസ്.പി ഫോർട്ട് ഹോസ്പിറ്റൽ, തിരുവനന്തപുരം