തൊഴില്‍ പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് യു.എ.ഇ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായഹസ്തം

single-img
19 September 2016

UAE

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ പ്രശ്‌നത്തിലകപ്പെട്ട് ഒരു വര്‍ഷത്തോളമായി ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാതെ കഷ്ടപെടുന്ന പ്രവാസികള്‍ക്ക് യു.എ.ഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ സഹായഹസ്തം.
എഞ്ചിനീയര്‍മാരും ടെക്‌നീഷ്യന്‍മാരും മെക്കാനിക്കുകളും ലേബര്‍മാരുമായി 72 പേരാണ് റിയാദില്‍ ഒരു വര്‍ഷമായി ശമ്പളം ലഭിക്കാതെ ജോലി ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുബായിലെ ജോലിക്കായി കൊണ്ടു വന്ന ഇവരെ കമ്പനി പിന്നീട് റിയാദിലെ കിംഗ് അബ്ദുള്ള ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റിലെ കരാര്‍ ജോലിക്കായി സൗദി അറേബ്യയിലേക്ക് കൊണ്ടു മാറ്റുകയായിരുന്നു. ഒരു വര്‍ഷം മുന്‍പ് ഈ ജോലി അവസാനിച്ചതോടെ അവര്‍ക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കിയില്ല. താമസിക്കുന്ന കെട്ടിടത്തിന് വാടക നല്‍കാത്തതിനാല്‍ അവിടേക്കുള്ള വെള്ളവും വെളിച്ചവും കെട്ടിടമുടമ വിഛേദിച്ചു. ഏറെ കഷ്ടപ്പെട്ട് ദിവസങ്ങളെണ്ണി കാത്തിരുന്ന ഇവരുടെയെല്ലാം ഇഖാമയുടെ കാലാവധിയും അവസാനിച്ചിരുന്നു.

പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകരാണ് ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു വരുന്നത്. ഇവര്‍ക്ക് വേണ്ട ഭക്ഷണവും മറ്റ് സൗകര്യങ്ങളും സംഘടയുടെ പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്. സാമൂഹ്യ പ്രവര്‍ത്തകനായ ആര്‍. മുരളീധരന്‍ യു.എ.ഇ യിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിയിരിക്കുന്നത്. യു.എ.ഇ യിലെ ഇന്ത്യന്‍ ലേബര്‍ കോണ്‍സുല്‍ രാജു ബാലകൃഷ്ണന്‍ കമ്പനിയുടെ എച്ച്.ആര്‍ മാനേജര്‍ ബസ്സാം അല്‍ മത്താനിയുമായി ബന്ധപ്പെടുകയും ഈ മാസം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന ഉറപ്പ് വാങ്ങുകയും ചെയ്തു. പത്ത് ദിവസം കഴിഞ്ഞ് ഇതിന്റെ പുരോഗതി അറിയിക്കാമെന്നും ആര്‍. മുരളീധരന് അദ്ദേഹം വാക്ക് നല്‍കിയിട്ടുണ്ട്.