വേനല്‍ അവധിയും പെരുന്നാളും കഴിഞ്ഞ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്ന മലയാളി യാത്രക്കാരെ പിഴിഞ്ഞ് വിമാന കമ്പനികളുടെ പകല്‍ക്കൊളള.

single-img
19 September 2016

thiruvananthapuram_international_airport
കൊച്ചി : : വേനല്‍ അവധിയും പെരുന്നാളും കഴിഞ്ഞ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്ന മലയാളി യാത്രക്കാരെ പിഴിഞ്ഞ് വിമാന കമ്പനികളുടെ പകല്‍ക്കൊളള. സൗദി സെക്ടറിലേക്ക് റെക്കോര്‍ഡ് ചാര്‍ജാണ് വിമാന കമ്പനികള്‍ ഈടാക്കുന്നത്.

അവധിക്ക് ശേഷം ഗള്‍ഫിലെ സ്കൂളുകളില്‍ അധ്യായനം ആരംഭിക്കുന്നതും വിമാന കമ്പനികള്‍ മുതലെടുക്കുകയാണ്. പതിനയ്യായിരം മുതല്‍ പതിനെട്ടായിരം രൂപ വരേയുണ്ടായിരുന്ന സൗദി സെക്ടറിലേക്ക് ടിക്കറ്റ് ഒന്നിന് 62000 രൂപ വരെ വിമാന കമ്പനികള്‍ ഈടാക്കുന്നുണ്ട്. ആറായിരവും ഏഴായിരവും ഉണ്ടായിരുന്ന യുഎഇ സെക്ടറിലേക്ക് ഇരുപത്തഞ്ചായിരം മുതല്‍ ഇരുപത്തിഏഴായിരം വരേയാണ് ടിക്കറ്റ് നിരക്ക്.

കൊച്ചി റിയാദ് സെക്ടറില്‍ എയര്‍ ഇന്ത്യക്ക് 2080 റിയാലും ഗള്‍ഫ് എയറിന് 1800 റിയാലുമാണ് ഇന്നത്തെ എറ്റവും കുറഞ്ഞ നിരക്ക്. 1500 റിയാലിന് കൊച്ചിയിലേക്കും തിരിച്ച് റിയാദിലേക്കും ലഭിച്ചിരുന്ന ടിക്കറ്റുകളാണ് സീസണിന്റെ പേരില്‍ 3800 റിയാലിലധികം ഈടാക്കുന്നത്. സാധാരണക്കാരന് ഏറെ പ്രയോജനം നല്‍കുന്ന ബജറ്റ് എയര്‍ലൈനുകളുടെ വരവ് കൊട്ടിയാഘോഷിച്ചവര്‍ക്ക് ഇരുട്ടടി നല്‍കിയാണ് ഇത്തരം കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.

മലയാളികൾ ആശ്രയിക്കുന്ന മംഗുളുരൂ, കോയമ്പത്തൂർ വിമാനത്താവളങ്ങളിൽ നിന്നുളള യാത്രക്കും ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിട്ടുണ്ട്. ടിക്കറ്റ് കൊളള അൽപമെങ്കിലും കുറയാൻ രണ്ടാഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. എന്നാല്‍ അവധിക്ക് ശേഷം കൃത്യ സമയത്ത് ജോലി സ്ഥലത്ത് എത്തേണ്ട പ്രവാസികള്‍ എന്ത് ചെയ്യുമെന്നറിയാതെ വലയുകയാണ്. വിമാനത്തില്‍ സീറ്റ്‌ ലഭ്യത കുറവും ഒരു കാരണമാണ്. നിലവില്‍ സീറ്റ്‌ ഒന്നും ഒഴിവില്ല എന്നാണ് ട്രാവല്‍ എജന്‍സികള്‍ പറയുന്നത്.