കതിരൂര്‍ മനോജിനെ വധിക്കാനുള്ള പദ്ധതിയുടെ ഗൂഢാലോചന നടന്നത് ജയരാജന്റെ തറവാട്ടു ക്ഷേത്രത്തില്‍ വെച്ചെന്ന് സിബിഐ

single-img
23 March 2016

P-Jayarajan

കതിരൂര്‍ മനോജിനെ വധിക്കാനുള്ള പദ്ധതിയുടെ ഗൂഢാലോചന നടന്നത് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ തറവാട്ടു ക്ഷേത്രത്തില്‍ വെച്ചെന്ന് സിബിഐ സിബിഐ പ്രോസിക്യൂട്ടര്‍ എസ്. കൃഷ്ണകുമാര്‍. ജയരാജന്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി.ജി. അനില്‍കുമാര്‍ ഇന്നു വിധി പ്രസ്താവിക്കും. ഇന്നലെ കോടതി സിബിഐ പ്രോസിക്യൂട്ടറില്‍ നിന്നു വിശദമായ വാദം കേട്ടു.

കേസിലെ മറ്റു പ്രതികളുടെ പങ്ക് കൊലപാതകത്തിനു ശേഷമാണ് തുടങ്ങുന്നതെങ്കില്‍ ജയരാജന്റെ പങ്ക് കൊലപാതകത്തിനു മുന്‍പു തന്നെയുണ്ടെന്നും പ്രോസിക്യുട്ടര്‍ കോടതിയെ അറിയിച്ചു. കൊലപാതകം കഴിഞ്ഞ ഉടനെ 11ാം പ്രതി കൃഷ്ണന്‍ ജയരാജനെ ഫോണില്‍ വിളിക്കുകയും മറ്റൊരു പ്രതി വിശ്വനാഥന്‍ ജയരാജനുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഫലമാണ് കൊലപാതകത്തിനിടയില്‍ പരുക്കേറ്റ വിക്രമനെ ജയരാജന്റെ ഉടമസ്ഥതയിലുള്ള ബൊലേറോ വണ്ടിയില്‍ കണ്ണൂരിലും തുടര്‍ന്നു പയ്യന്നൂരിലെ ആശുപത്രിയിലും എത്തിക്കുന്നതെന്നും സി.ബി.ഐ അറിയിച്ചു.

മനോജിന്റെ കുടുംബം ആദ്യകാലത്ത് കമ്മ്യൂണിസ്റ്റ് കുടുംബമായിരുന്നു. ഇവരുമായി ജയരാജന്റെ കുടുംബം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മനോജിന്റെ സഹോദരന് ജയരാജന്റെ സഹോദരിയാണ് വീട്ടില്‍ ട്യൂഷന്‍ നല്‍കിയിരുന്നതെന്ന് ജയരാജന്‍ സമ്മതിച്ചിട്ടുണ്ട്. മനോജ് പിന്നീട് ആര്‍എസ്എസുമായി ബന്ധം പുലര്‍ത്തിയപ്പോള്‍ മനോജിന്റെ കാല്‍ തല്ലിയൊടിക്കുമെന്ന് ജയരാജന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഭീഷണി വകവയ്ക്കാതെ മനോജ് ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചതിന്റെ മപരില്‍ ജയരാജനു വൈരാഗ്യമുണ്ടാകുകയുമായിരുന്നു. മുമ്പ് ജയരാജനെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രധാന പ്രതിയാണ് മനോജ്. മൂന്നു നാലു തവണ മനോജിനു നേരെ വധശ്രമം നടന്നിരുന്നുവെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.

ലോക്കല്‍ പൊലീസ് ചെയ്യുന്നതു പോലെ ജയരാജനെ ഏതെങ്കിലും പാര്‍ട്ടിക്കാരുടെ നിര്‍ദേശമനുസരിച്ചല്ല കേസില്‍ പ്രതി ചേര്‍ത്തതെന്നും കൃത്യമായ തെളിവുകള്‍ ലഭിച്ച് അവ നിയമവിദഗ്ധര്‍ അപഗ്രഥിച്ചതിനു ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയതെന്നും സി.ബി.ഐ അറിയിച്ചു. ഈ കൊലപാതകം ചെയ്യാന്‍ പ്രാപ്തനാക്കാന്‍ വേണ്ടിയാണ് മദ്യത്തിനടിമയായിരുന്ന ഒന്നാം പ്രതി വിക്രമനെ നിംഹാന്‍സില്‍ അയച്ച് ജയരാജന ചികില്‍സിപ്പിച്ചതെന്നും സി.ബി.ഐ പ്രോസിക്യൂട്ടര്‍ വാദിച്ചു.