ഐജി സുരേഷ് രാജ് പുരോഹിതിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ പൊലീസിന്റെ ഔദ്യോഗിക വാഹനമോടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടുവെന്ന് ആരോപിക്കപ്പെടുന്ന പൊലീസുകാരെ സത്യമംഗലം കാട്ടിലേക്ക് പരിശീലനത്തിനയച്ച് പ്രതികാര നടപടി

single-img
22 March 2016

SureshRajpurohit-IPS

ഐജി സുരേഷ് രാജ് പുരോഹിതിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ പൊലീസിന്റെ ഔദ്യോഗിക വാഹനമോടിക്കുന്ന ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന പൊലീസുകാര്‍ക്കെതിരെ പ്രതികാര നടപടി. സത്യമംഗലം കാട്ടിലേക്ക് പരിശീലനത്തിനു അയച്ചാണ് വീഡിയോ പുറത്താക്കിയതിന്റെ പ്രതികാരം ഉദ്യോഗസ്ഥതലത്തില്‍ തീര്‍ക്കുന്നത്.

സത്യമംഗലത്തേക്ക് പരിശീലനത്തിനു അയച്ച 19 പേരുളള സംഘത്തില്‍ ബറ്റാലിയന്‍ അംഗങ്ങള്‍ക്ക് പുറമെ അഞ്ചു സിവില്‍ സര്‍വീസ് ഓഫിസര്‍മാരും ഉണ്ട്. സാധാരണഗതിയില്‍ കാടുകളിലും മറ്റും ജോലിക്ക് നിയോഗിക്കപ്പെടുന്നവരും കമാന്‍ഡോ പരിശീലനം ലഭിച്ചവരുമായ പൊലീസുകാരെയാണ് ഇത്തരം പരിശീലനത്തിന് അയക്കുന്നതെന്നും സിവില്‍ സര്‍വീസ് ഓഫിസര്‍മാരെ ഇത്തരം പരിശീലനത്തിന് അയക്കുന്ന പതിവില്ലാത്തതാണെന്നും കാട്ടി മസനയ്ക്കുള്ളില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പ്രതികാര നടപടിയുടെ ഭാഗമായിട്ടാണ് സിവില്‍ പൊലീസുകാരെ പരിശീലനത്തിന് ഉള്‍പ്പെടുത്തിയതെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം.

പരിശീലന്തിനുള്ള ലിസ്റ്റ് നേരത്തേ തീരുമാനിച്ചതായിരുന്നു. അതില്‍ അവസാന നിമിഷമാണ് ഈ പൊലീസുകാരെ തിരുകിക്കയറ്റിയത്. നേരത്തെ വിഡിയോ ദൃശ്യങ്ങളുടെ ഉറവിടത്തിനായി ഐജി പല പൊലീസുകാരെയും രഹസ്യമായി ചോദ്യം ചെയ്തിരുന്നെന്നും വിവരങ്ങളുണ്ട്. ചെങ്കണ്ണ് അസുഖമുണ്ടെന്നും, ഈസ്റ്ററായതു കൊണ്ട് പരിശീലനത്തില്‍ നിന്നും ഒഴിവാക്കണമെന്നുമുളള ആവശ്യങ്ങള്‍ നിരാകരിച്ചാണ് ഐജിയുടെ പ്രതികാര നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐജി സുരേഷ് രാജ് പുരോഹിതിന്റെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകന്‍ ഔദ്യോഗിക വാഹനം ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. വിജിലന്‍സ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഐജിയാകട്ടെ ഇതിനെതിരെ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങുകയായിരുന്നു. ഐജിക്കെതിരെ കേസെടുക്കാന്‍ കഴിഞ്ഞ ദിവസം തൃശൂര്‍ ജുവൈനല്‍ കോടതി ഉത്തരവിട്ടുവെങ്കിലും കേസെടുക്കാന്‍ പൊലീസ് ഇതുവരയ്ക്കും തയ്യാറായിട്ടില്ല.