ലിഫ്റ്റ് ചോദിച്ചിട്ട് നല്‍കാത്ത ബൈക്ക് യാത്രക്കാരനായ വിമുക്തഭടനെതിരെ കേസെടുത്ത എസ്ഐക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവ്

single-img
11 March 2016

kerala-high-court

ലിഫ്റ്റ് ചോദിച്ചിട്ട് നല്‍കാത്ത ബൈക്ക് യാത്രക്കാരനെതിരെ കേസെടുത്ത നടപടി ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരനായ കുറത്തികാട് പൊലീസ് സ്റ്റേഷനിലെ എസ്ഐ ഇഡി ബിജുവിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവിട്ടു. പ്രതിയെ പിടിക്കാന്‍ ഒരിടംവരെ എത്തിക്കണമെന്ന പൊലീസിന്റെ ആവശ്യം നിരസിച്ച മുതിര്‍ന്ന പൗരനെതിരെ കേസെടുത്തതു റദ്ദാക്കിക്കൊണ്ടാണു കോടതി നടപടി.

മാവേലിക്കര കൃഷ്ണപുരം സ്വദേശി വി.എം. പുരുഷോത്തമന്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ബി കെമാല്‍പാഷയുടേതാണ് ഉത്തരവ്. കുറത്തികാട് സ്റ്റേഷനില്‍ എസ്‌ഐ ആയിരുന്ന ഇ.ഡി. ബിജു ആവശ്യപ്പെട്ട സ്ഥലത്ത് എത്തിക്കാതിരുന്നതിനു കേസെടുത്തതു റദ്ദാക്കാനാണു വിമുക്തഭടനായ കൃഷ്ണപുരം സ്വദേശി വി.എം. പുരുഷോത്തമന്‍ കോടതിയിലെത്തിയത്. 2014 ഓഗസ്റ്റ് 28നു ബൈക്കില്‍ വീട്ടിലേക്കു പോകുമ്പോള്‍ എസ്‌ഐയോട് അപമര്യാദയായി പെരുമാറിയെന്നാണു ഹര്‍ജിക്കാരനെതിരായ ആരോപണം.

എസ്ഐ ഇഡി ബിജു ഒരു കേസിലെ പ്രതിയെ പിടികൂടാന്‍ മാവേലിക്കര മാഞ്ഞാടിത്തറ മാര്‍ത്തോമ്മ പള്ളി ജംഗ്ഷനിലേക്കു പോകാന്‍ പുരുഷോത്തമന്റെ ബൈക്കിനു ലിഫ്റ്റ് ചേദിച്ചു. എന്നാല്‍ ലിഫ്റ്റ് നല്‍കാന്‍ തയ്യാറാവാതിരുന്ന ബിജുവിനെതിരെ എസ്ഐ പ്രതികാര നടപടി സ്വീകരിക്കുകയായിരുന്നു. എന്നാല്‍, പൊലീസിനെ കൊണ്ടുവിടുന്നതു തന്റെ പണിയല്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ മറുപടി. പൊലീസിന്റെ ആവശ്യം നിരസിച്ചപ്പോള്‍ ബൈക്ക് പിടിച്ചെടുക്കാന്‍ നോക്കിയെന്നും എതിര്‍ത്തപ്പോള്‍ സ്റ്റേഷനില്‍ ബലമായി കൊണ്ടുപോയി മൂന്നുമണിക്കൂര്‍ അവിടെയിരുത്തിയെന്നും ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തി എന്നതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ആരോപിച്ച് എസ്.ഐ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. പിന്നീട് മാവേലിക്കര കോടതിയില്‍ കുറ്റപത്രവും നല്‍കി.

ഹര്‍ജിക്കാരന്റെ പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ പുനരന്വേഷണം നടത്താന്‍ ഉത്തരവിട്ടെങ്കിലും അതേ റിപ്പോര്‍ട്ടാണ് വീണ്ടും കോടതിയില്‍ നല്‍കിയത്. തുടര്‍ന്നാണ് പുരുഷോത്തമന്‍ ഹൈക്കോടതിയെ സമീപിച്ചത്. പൊലീസ് നടത്തിയതു മനുഷ്യാവകാശ ലംഘനമാണെന്നു ജസ്റ്റിസ് കുറ്റപ്പെടുത്തി. പൊലീസിനു പ്രതിയെ പിടികൂടാന്‍ വാഹന സൗകര്യമൊരുക്കുന്നതു പൊതുജനത്തിന്റെ ജോലിയല്ലെന്നും കോടതി പറഞ്ഞു.