തെരഞ്ഞെടുപ്പ് സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതി ഓണ്‍ലൈനായി സ്വീകരിക്കുവാനുള്ള സംവിധാനം നിലവില്‍ വന്നു

single-img
7 March 2016

DSC_0369A

തിരഞ്ഞെടുപ്പുചട്ട ലംഘനം സംബന്ധിച്ച പരാതികളില്‍ ഇനി വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍. ഇതിന്റെ ഭാഗമായി പരാതി നല്‍കാനും അവയില്‍ സ്വീകരിച്ച നടപടികളറിയാനും ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട അനുമതികള്‍ക്കുള്ള അപേക്ഷ നല്‍കാനും അനുമതിയുത്തരവ് ലഭ്യമാക്കാനുമുള്ള സംവിധാനവും ഓണ്‍ലൈനായി മാറിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ബിഹാറില്‍ വിജയം കണ്ടതിനെ തുടര്‍ന്നാണ് ഇത്തവണ കേരളത്തിലും ഇസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പോളിങ് ഉദ്യോഗസ്ഥര്‍ക്കു വേണ്ടിയുള്ള വാഹനങ്ങള്‍ ഏകോപിപ്പിക്കുന്നതും ഓണ്‍ലൈന്‍ ആയിട്ടായിരിക്കും. മൂന്നു സോഫ്റ്റ്വെയറുകളിലും ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചുകഴിഞ്ഞു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പരാതികളും സമര്‍പ്പിക്കാനുള്ള സംവിധാനമായ ഇ-പരിഹാരമാണ് ഒന്ന്. പരാതികള്‍ സ്ഥാനാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം. കെട്ടിട ഉടമയുടെ അനുമതിയില്ലാതെ പോസ്റ്റര്‍ ഒട്ടിക്കുന്നതു മുതല്‍ എതിര്‍സ്ഥാനാര്‍ഥിക്കെതിരായ അപവാദപ്രചാരണം വരെ ഈ കാറ്റഗറിയില്‍പ്പെടും. മാത്രമല്ല വോട്ടര്‍പട്ടികയിലെ പിശകുകളും ബൂത്ത് സംബന്ധിച്ച പരാതികളും ചൂണ്ടിക്കാട്ടാം.

വെബ്‌സൈറ്റ്: www.e-pariharam.kerala.gov.in

രാഷ്ട്രീയ കക്ഷികള്‍ക്കും പൊതുജനങ്ങള്‍ക്കും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ അനുമതികള്‍ ലഭ്യമാക്കാനുള്ള സംവിധാനമാണ് ഇ-അനുമതി. വാഹനം, ഉച്ചഭാഷിണി, പ്രകടനം, പൊതുസ്ഥലം ഉപയോഗിക്കല്‍ തുടങ്ങിവയ്ക്കുള്ള അനുമതികള്‍ക്കായി പല ഓഫിസുകള്‍ കയറിയിറങ്ങാതെ കലക്ടറേറ്റ്, പൊലീസ്, തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്നിവയ്ക്ക് ഒരേ സമയം അപേക്ഷകള്‍ ലഭ്യമാകുവാനുള്ള സംവിധാനമുണ്ട്. ലഭിക്കുന്ന അനുമതികള്‍ പ്രിന്റ് എടുത്ത് ഉപയോഗിക്കാം.

വെബ്‌സൈറ്റ്: www.e-aumathi.kerala.gov.in

ഔദ്യോഗിക ആവശ്യത്തിനു മാത്രമായുള്ള സംവിധാനമാണ് ഇ-വാഹനം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ സര്‍വീസ് നടത്തുന്ന നൂറുകണക്കിന് വാഹനങ്ങള്‍ കണ്ടെത്താനും ചുമതല ഏല്‍പ്പിക്കാനും ഏകോപിപ്പിക്കാനുമുള്ള സംവിധാനത്തിന് നേതൃത്വം നല്‍കുന്നത് ആര്‍ടിഒ, തഹസിസില്‍ദാര്‍മാര്‍ എന്നിവരാണ്.